പൗരത്വ ഭേദഗതി നിയമത്തിന് സുപ്രീം കോടതി സ്റ്റേ നല്‍കിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാതെ സ്റ്റേ അനുവദിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞ കോടതി കേന്ദ്രത്തിന് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയവും നല്‍കി.
സിഎഎ ഹര്‍ജികള്‍ക്കുള്ള ഇടക്കാല ഉത്തരവ് അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
പുതിയ നിയമം നിയമവിരുദ്ധമാണെന്നും ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമെന്നതിനാല്‍ നിയമം സമത്വത്തിനുള്ള അവകാശത്തിന് വിരുദ്ധമാണെന്നും കാണിച്ച് നല്‍കിയ 140 ഓളം അപേക്ഷകള്‍ ആണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.