കട്ടപ്പന: നിക്ഷേപകനും വ്യാപാരിയുമായ സാബുവിന്റെ ആത്മഹത്യയില്‍ കട്ടപ്പനയിലെ സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന വി.ആര്‍ സജി സാബുവിനെയും ബാങ്കിനെയും കുറ്റപ്പെടുത്തി സാബുവിന്റെ ഭാര്യ മേരിക്കുട്ടി. കടുത്ത അപമാനഭാരത്താലാണ് സാബു ജീവനൊടുക്കിയത്. ഒന്നര വര്‍ഷമായി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മേരിക്കുട്ടി പറഞ്ഞു. സാബുവിനെ വിആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് മേരിക്കുട്ടിയുടെ പ്രതികരണം.
‘മൊത്തം 60 ലക്ഷത്തിനുമേലാണ് കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സാബു നിക്ഷേപിച്ചിട്ടുള്ളത്. എന്നാല്‍ ആവശ്യങ്ങള്‍ക്ക് പണം ചോദിക്കുമ്പോള്‍ തുക മുഴുവനായി തരാറില്ലായിരുന്നു. 10 ലക്ഷം ചോദിച്ചപ്പോള്‍ 3 ലക്ഷം മാത്രമാണ് തന്നത്. ബാക്കി പതിയെ തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് കിട്ടിയില്ല. ഓരോ മാസവും 5 ലക്ഷം വീതം തരാമെന്ന് പറഞ്ഞിട്ടും തന്നില്ല. പിന്നീട് 3 ലക്ഷം രൂപ തരാമെന്ന് പറഞ്ഞു. ജനുവരിയില്‍ 3 ലക്ഷം തന്നു. അതിനുശേഷം പൈസ തന്നില്ല,’ മേരികുട്ടി പറഞ്ഞു.
മൊത്തം നിക്ഷേപത്തില്‍ നിന്ന് ഇനി 14 ലക്ഷവും അതിന്റെ പലിശയും കിട്ടാനുണ്ടെന്നും മേരിക്കുട്ടി ചൂണ്ടിക്കാട്ടുന്നു. തന്റെ ഗര്‍ഭപാത്ര ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് വിചാരിച്ചെങ്കിലും ലഭിച്ചില്ല. ചികിത്സയ്ക്ക് രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍നിന്ന് ആകെ നല്‍കിയത് 80,000 രൂപയാണ്. പണത്തിനായി കുറെ കരഞ്ഞ് നടന്നിട്ടാണ് ഓരോ തവണയും പൈസ കിട്ടിയിരുന്നതെന്നും മേരിക്കുട്ടി പറഞ്ഞു.