വടകര: വടകരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വടകര സാന്‍ഡ് ബാങ്ക്‌സില്‍ ആണ് വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്.വള്ളത്തില്‍ ഉണ്ടായിരുന്ന കുയ്യന്‍ വീട്ടില്‍ അബൂബക്കര്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു.രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡ് എത്താത്തതില്‍ സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു.
ഇന്ന് രാവിലെയാണ് രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളം കടലില്‍ മറിഞ്ഞത്. ഫൈബര്‍ വള്ളം തിരമാലയില്‍ എടുത്തെറിഞ്ഞാണ് അപകടമുണ്ടായത്. ഇബ്രാഹിമാണ് അബൂബക്കറിനെ കരയില്‍ എത്തിച്ചത്. സാന്‍ഡ് ബാങ്ക്‌സില്‍ അപകടം പതിവായതോടെ പ്രദേശത്ത് 24 മണിക്കൂറും കോസ്റ്റ് ഗാര്‍ഡ് സേവനം ഉണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ അപകട വിവരം അറിയിച്ചെങ്കിലും കോസ്റ്റ് ഗാര്‍ഡ് വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് എത്താതിരുന്നതോടെ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.