ലോകമെമ്പാടും കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജാഗ്രത വർധിപ്പിച്ചു. നിരീക്ഷണം ശക്തമാക്കാനും ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എഴുതിയ കത്ത് പുറത്തുവന്നു.
ഭാരത് ജോഡോ യാത്രയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഇരു നേതാക്കളോടും കേന്ദ്ര ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. യാത്രയിൽ മാസ്‌ക് സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും കത്തിൽ പറയുന്നു. പ്രതിരോധ കുത്തിവയ്പ് എടുത്തവരെ മാത്രമേ യാത്രയിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. ഇത് സാധ്യമല്ലെങ്കിൽ രാജ്യതാൽപ്പര്യം കണക്കിലെടുത്ത് യാത്ര മാറ്റിവെക്കാൻ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം എന്തുകൊണ്ടാണ് തങ്ങളെ മാത്രം ഉപദേശിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേദ ചോദിച്ചു. യാത്രയിൽ ഏർപ്പെട്ടിരുന്ന എല്ലാവരും വാക്സിനേഷൻ സ്വീകരിച്ചവരാണ്. രാജ്യത്തുടനീളം സമാനമായ ഒരു ഉപദേശം പുറപ്പെടുവിക്കണമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. ഭാരത് ജോഡോ യാത്ര ഹരിയാനയിലാണ് പര്യടനം നടത്തുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര ഹരിയാനയിൽ എത്തിയ ശേഷം പഞ്ചാബിലേക്ക് പോകും.