അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ സേന പിടികൂടിയ 55 മത്സ്യത്തൊഴിലാളികൾ ജാഫ്നയിലെ ജയിലിൽ തുടരുന്നതിനിടെ ഇന്നലെ ഇതേ കുറ്റം ചുമത്തി 14 പേരെക്കൂടി
അറസ്റ്റ് ചെയ്തു. മത്സ തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു.
സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 14 പേരെക്കൂടി അറസ്റ്റ് ചെയ്തതോടെ ഒരാഴ്ചക്കിടെ ശ്രീലങ്കയിൽ പിടിയിലായ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളുട എണ്ണം 69 ആയി. അതിർത്തി കടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയെന്ന കുറ്റമാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്
ഇന്നലെ 14 പേരെ പിടികൂടിയത് ജാഫ്ന ഈഴുവ ദ്വീപിന് സമീപത്തുനിന്നാണ് . പിടിയിലായവരെല്ലാം തമിഴ് തൊഴിലാളികളാണ്.
ഇന്ത്യൻ തൊഴിലാളികൾ കൂട്ടത്തോടെ ജയിലിലായിട്ടും കേന്ദ്രസർക്കാർ ഇടപെടുന്നില്ലെന്ന പരാതിയുമായി രാമനാഥപുരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതെ അനിശ്ചിതകാല സമരത്തിലാണ്.
രാമേശ്വരത്തെ മത്സ്യബന്ധന ഹാർബറുകളും മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ നിശ്ചലമായി. ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും നാളെ മുതൽ നിരാഹാര സമരം തുടങ്ങും. ക്രിസ്മസിന് മുമ്പ് ശ്രീലങ്കൻ ജയിലിൽ കഴിയുന്നവരെ തിരിച്ചെത്തിച്ചില്ലെങ്കിൽ ട്രെയിൻ തടയലടക്കമുള്ള സമരമുറകളിലേക്ക് നീങ്ങുമെന്നാണ് മത്സ്യത്തൊഴിലാളിൾ മുന്നറിയിപ്പ് നൽകി.