ദത്ത് നല്‍കല്‍ ലൈസന്‍സ് പോലുമില്ലാത്ത ശിശുക്ഷേമ സമിതി നടത്തിയത് കുട്ടികടത്താണെന്നും ജനറല്‍ സെക്രട്ടറി ഷിജുഖാനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി ക്രിമിനല്‍ കുറ്റത്തിന് കേസ് എടുക്കണമെന്നും അനുപമ.
പെറ്റമ്മയായ തന്നെയും ഇതൊന്നുമറിയാത്ത അന്ധ്രാപ്രദേശിലെ ഒരു സാധാരണ കുടുംബത്തിനെയുമാണ് ഷിജുഖാന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ധര്‍മ്മ സങ്കടത്തിലാക്കിയത്. ശിശുക്ഷേമ സമിതിയില്‍ തന്റെ കുട്ടിയെ ലഭിച്ചത് മുതല്‍ ഷിജുഖാനെ സൂപ്രണ്ട് ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചു എന്ന് അനുപമ പറഞ്ഞു.ഗുരുതരമായ തെറ്റുകള്‍ നടത്തിയിട്ടും ഷിജുഖാനെ സിപിഐഎമ്മും സര്‍ക്കാരും ബോധപൂര്‍വ്വം സംരക്ഷിക്കുന്നുവെന്നും അനുപമ ആരോപണമുന്നയിച്ചു.
കുഞ്ഞിനെ തിരികെ ലഭിച്ചാലും തെറ്റ് ചെയ്തവര്‍ക്കെതിരെ ക്രിമിനില്‍ കുറ്റം ചുമത്താതെ താന്‍ ഈ സമരത്തില്‍ നിന്ന് പിന്‍മാറില്ല എന്നും അനുപമ പറഞ്ഞു.
ശിശു ക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുളള ലൈസന്‍സ് കാലാവധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കുമ്പോള്‍ സമിതിക്ക് ലൈസന്‍സില്ലായിരുന്നെന്നും ദത്ത് ലൈസന്‍സിന്റെ വ്യക്തമായ വിവരങ്ങള്‍ ശിശുക്ഷേമ സമിതി നല്‍കിയില്ലെന്നും ലൈസന്‍സിന്റെ കാര്യത്തില്‍ വ്യക്തത വേണമെന്നും തിരുവനന്തപുരം കുടുംബ കോടതി അറിയിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് ശിശുക്ഷേമ സമിതിയുടെ നിലപാട്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 30 ദിവസം വേണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.