ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് താന്‍ മുമ്പ് സ്വീകരിച്ച നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി മുന്‍ വിജിലന്‍സ് ഡയറക്ടറും മുഖ്യവിവരാവകാശ കമ്മീഷണറുമായ വിന്‍സന്‍ എം. പോള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് താന്‍ ഈ വിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിജിലന്‍സിന്റെ പക്കല്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ യാതൊരു തെളിവും ഉണ്ടായിരുന്നില്ലെന്നും വിന്‍സന്‍ എം പോള്‍ പറയുന്നത്.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം മാണിയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന് വിന്‍സന്‍ എം. പോള്‍ നിര്‍ദേശിച്ചു എന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. എന്നാല്‍ കെ.എം മാണിയെ ഒഴിവാക്കണമെന്ന് താന്‍ നിര്‍ദേശിച്ചിട്ടില്ല എന്ന് വിന്‍സന്‍ എം. പോള്‍ വ്യക്തമാക്കി. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. വിശദമായ അന്വേഷണം നടത്തിക്കഴിഞ്ഞപ്പോള്‍ കെ.എം മാണിക്കെതിരെ സാക്ഷിമൊഴികളോ രേഖാമൂലമായ തെളിവുകളോ ഇല്ലെന്ന് വ്യക്തമായിരുന്നതായും അദ്ദേഹം പറയുന്നു.
ബാര്‍ കോഴ കേസില്‍ തെളിവില്ലെന്ന തന്റെ നിലപാടില്‍ നിന്ന് അല്‍പ്പം പോലും മുന്നോട്ടു പോകാന്‍ ഒരുദ്യോഗസ്ഥനും സാധിച്ചിട്ടില്ലെന്നും വിന്‍സന്‍ എം. പോള്‍ പറയുന്നു. വിന്‍സന്‍ എം. പോള്‍ വിവരാവകാശ കമ്മീഷണറാകുന്നതിനെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ എതിര്‍ത്തിരുന്നു. ബാര്‍ കോഴക്കേസില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് ഫയലില്‍ കുറിച്ചതായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ എതിര്‍പ്പിന് കാരണം. ഇന്നും തന്റെ നിലപാടില്‍ മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് മുഖ്യമന്ത്രി അനുമതി നല്‍കിയിയിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാനായി ബാറുടമകളില്‍ നിന്ന് 10 കോടി രൂപ പിരിച്ചെന്നും ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും കെ ബാബുവിന് 50 ലക്ഷവും വി എസ് ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്നുമായിരുന്നു ബിജു രമേശിന്റെ ആരോപണം. അതേസമയം കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തെന്ന ബിജു രമേശിന്റെ ആരോപണം വിജിലന്‍സ് അന്വേഷിച്ചേക്കില്ല.
ജനപ്രതിനിധികളായവരുടെ കാര്യത്തില്‍ അന്വേഷണത്തിന് ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതി ആവശ്യമാണ്. ഇതിനായുള്ള ഫയല്‍ അടുത്തു തന്നെ അയയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുമതി ലഭിച്ചാല്‍ വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കും.
അതേസമയം, വിവിധ വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയായുധമായി വിജിലന്‍സിനെ ഉപയോഗിക്കുകയാണ് എന്ന പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഇതിനകം തന്നെ മുന്‍ മന്ത്രിഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ലീഗിന്റെ മറ്റൊരു എംഎല്‍എ എം.സി കമറുദ്ദീന്‍ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് അറസ്റ്റിലാണ്. ലീഗ് എംഎല്‍എ കെ.എം ഷാജിക്കെതിരെ കോഴ വാങ്ങിയ കേസിലും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസിലും അനേഷണം നടക്കുന്നുണ്ട്.