മലപ്പുറം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ ആരോപണവുമായി വീണ്ടും പി.വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ എഡിജിപി പണം വാങ്ങിയെന്ന് അന്‍വര്‍ ആരോപിച്ചു. 2016 ഫെബ്രുവരി 19ന് കവടിയാറില്‍ ഒരു ഫ്ളാറ്റ് വാങ്ങി. 10 ദിവസം കഴിഞ്ഞ് മറിച്ചുവിറ്റു. 33 ലക്ഷത്തിന് വാങ്ങിയ ഫ്ളാറ്റ് 65 ലക്ഷത്തിനാണ് മറിച്ചുവിറ്റത്. സോളാര്‍ കേസ് പ്രതികളില്‍നിന്നാണ് ഫ്ളാറ്റ് വാങ്ങാനുള്ള പണം ലഭിച്ചത്. ഫ്ളാറ്റ് മറിച്ചുവിറ്റതിലൂടെ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു എന്നും അന്‍വര്‍ ആരോപിച്ചു.
വലിയ ടാക്സ് വെട്ടിപ്പാണ് അജിത്കുമാര്‍ നടത്തിയത്. രജിസ്ട്രേഷന്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാത്രം നാല് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. കവടിയാറിലെ വീട് കൂടാതെ മൂന്ന് വീടുകള്‍ കൂടി എം.ആര്‍ അജിത്കുമാറിനുണ്ട്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. എഡിജിപി അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയെന്നും അത് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.