തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ അതിക്രമിച്ചുകയറി ഭീഷണിമുഴക്കിയെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോകെതിരെ പരാതി. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്റെ സെക്രട്ടേറിയേറ്റ് അനക്സ് 2 ലെ ഓഫീസിലാണ് അതിക്രമിച്ചു കയറിയത്. ആര്‍ഷോയ്ക്കെതിരേ കൃഷിവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയേറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കേന്ദ്ര കാര്‍ഷിക സെക്രട്ടറിയുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ്ങിനിടെയാണ് ആര്‍ഷോ ബി. അശോകിനെ കാണാനെത്തിയത്. ഓണ്‍ലൈന്‍ യോഗത്തിനുശേഷം അഞ്ചുമണിയോടെ കാണാമെന്ന് ആര്‍ഷോയെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മുഖേന അശോക് അറിയിച്ചിരുന്നു. എന്നാല്‍ രണ്ടുമണിക്കെത്തിയ ആര്‍ഷോ ഇത് വകവയ്ക്കാതെ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകനെയുംകൂട്ടി ഓഫീസ് മുറിയില്‍ അതിക്രമിച്ച് കയറിയെന്നും യോഗം തടസ്സപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ക്കൊപ്പം കസേരയില്‍ ഇരുന്ന ആര്‍ഷോയും സുഹൃത്തും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ സുരക്ഷാ ചുമതലയുള്ള ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയപ്പോഴാണ് ആര്‍ഷോയും സുഹൃത്തും പുറത്തിറങ്ങിയത്. ‘വിളിക്കുന്നിടത്തേക്ക് എല്ലാവരെയും വരുത്തും എന്ന്’ ആര്‍ഷോ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.
എന്നാല്‍ അതിക്രമിച്ചു കയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്ന നിലപാടാണ് പി.എം. ആര്‍ഷോയുടേത്. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കൂടിയായ ബി. അശോകിനെ സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ ധരിപ്പിക്കാന്‍ യൂണിയന്‍ പ്രതിനിധികളും എസ്.എഫ്.ഐ.യും പലതവണ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ സര്‍വകലാശാല യൂണിയന്‍ പ്രതിനിധികളെ കാണാനും അദ്ദേഹം തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഇന്നലെ ഓഫീസിലെത്തിയത്.
മൂന്നുമണിക്ക് ഒരു യോഗമുണ്ടെന്നും അതിനുമുന്‍പ് കാണാമെന്നും സ്റ്റാഫ് അറിയിച്ചു. എന്നാല്‍ മൂന്നുമണിയായപ്പോള്‍ കാണാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് കതകു തുറന്ന് അകത്തുകയറി ഇത് ശരിയല്ലെന്ന പ്രതിഷേധം അറിയിച്ചതായി ആര്‍ഷോ പറഞ്ഞു. എന്നാല്‍ ഈ സമയം ഓണ്‍ലൈന്‍ യോഗം തുടങ്ങിയിരുന്നില്ലെന്നും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും ആര്‍ഷോ പറയുന്നു.