കുന്ദമംഗംലം : വാഹനമുടമകളിൽ നിന്ന് വാടക്കെന്ന പേരിൽ വാഹനം കൊണ്ടുപോയി പണയം വെച്ചു മുങ്ങുന്നയാൾ കുന്ദമംഗലത്ത് പിടിയിൽ. വേങ്ങേരി കരുവിശ്ശേരി സ്വദേശി തലാനി വയൽ ശരത് കുമാർ എന്നയാൾ ആണ് പിടിയിലായത്. കുന്ദമഗംലം സ്വദേശി അജയൻ, വിഷ്ണു എന്നിവർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു ശരത് കുമാർ. അജയനും വിഷ്ണുവുമായി പരിചയം സ്ഥാപിച്ച ശരത് കുമാർ ഒരു മാസത്തേക്ക് വാടകയ്ക്ക് എന്ന് പറഞ്ഞ് വാഹനങ്ങൾ കൊണ്ടുപോവുകയായിരുന്നു. കോയമ്പത്തൂരിൽ സർവീസ് നടത്താനെന്ന് പറഞ്ഞാണ് ഇയാൾ വാഹനങ്ങൾ കൊണ്ടുപോയത്.
പിന്നീട് ഇയാളെക്കുറിച്ച് ഒരു വിവരവും ഇല്ലാതായി, ഇതോടെ വാഹനം നഷ്ടപ്പെട്ടവർ ഇയാളുടെ വീട്ടിൽ ചെന്ന് ബഹളം വെച്ചു. ഇതിന് പിന്നാലെ വീട്ടുകാർ ശരത് കുമാറിനെ കാണാനില്ലെന്ന് കാണിച്ച് എലത്തൂർ പൊലീസിൽ പരാതി നൽകി. വാഹനം നഷ്ടപ്പെട്ടവർ കുന്ദമംഗംലം
പൊലീസിലും പരാതി നൽകുകയായിരുന്നു. മിസ്സിംങ് കേസിൽ നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്നും ഇയാളെ കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്ന് ഇയാളെ പൊലീസ് നാട്ടിൽ എത്തിച്ചു. തുടർന്നാണ് മോഷണക്കേസിൽ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വാഹനം അതിർത്തി കടത്തി കൊണ്ടുപോയെന്നും തമിഴ്നാട് കേന്ദ്രീകരിച്ചുളള സംഘത്തിന് വാഹനം പണയത്തിന് നൽകിയെന്നും കണ്ടെത്തിയത്. ഏജന്റ് മുഖേനയാണ് വാഹന കൈമാറ്റം. അതിർത്തി കടന്ന ഉടൻ വാഹനത്തിന്റെ ജിപിഎസ് കട്ട് ചെയ്ത് കളയും ഇതിന് ശേഷമാണ് ഏജന്റിന് വാഹനം കൈമാറുക. കഴിഞ്ഞ ഒന്നര വർഷമായി ഇത്തരം തട്ടിപ്പ് നടത്തുന്നയാളാണ് ശരത് കുമാർ എന്നും പോലീസ് പറഞ്ഞു. 40 വാഹനങ്ങളാണ് സമാന രീതിയിൽ ഇയാൾ ഉടമകളെ കബളിപ്പിച്ച് തട്ടിയെടുത്ത് പണയം നൽകിയിട്ടുള്ളത്. മാരുതി, സ്വിഫ്റ്റ്, ടൊയോട്ട ഗ്ലാൻസ തുടങ്ങിയ വാഹനങ്ങളാണ് ഇയാൾ കൈവശപ്പെടുത്തിയത്. വാഹനം ആരുടേയും കണ്ണിൽപ്പെടാതിരിക്കാൻ തമിഴ് നാട്ടിലും കർണാടകയിലും ഫാമുകൾ നടത്തുന്നവർക്ക് ഫാമിനകത്തെ ഉപയോഗത്തിനാണ് ഏജന്റുമാർ വാഹനം നൽകുന്നതെന്നും പോലീസ് പറഞ്ഞു. കാക്കൂർ പോലീസിലും ഇയാൾക്കെതിരെ കേസ് ഉണ്ട്.
സമാന രീതിയിലുള്ള തട്ടിപ്പ് കുന്ദമംഗലം, മുക്കം ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്നതായും ഇരുപതോളം പേർക്ക് വാഹനം നഷ്ടപ്പെട്ടതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം മുക്കത്ത് നിന്ന് വാഹനം നഷ്ടപ്പെട്ടയാൾക്ക് കാസർക്കോഡ് നിന്നാണ് വാഹനം കിട്ടിയതെന്നും പറയുന്നു. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാർക്കാണ് ഇത്തരം തട്ടിപ്പുകാർ വാഹനം കൈമാറുന്നതെന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു.