ന്യൂഡൽഹി ∙ വനിതാ സംവരണ ബില്ലിന് പൂർണ പിൻതുണയ്ക്കുന്നെങ്കിലും പ്രത്യേക സമ്മേളനം വിളിച്ച് ബിൽ പാസാക്കുന്നത് ബിജെപിയുടെ ഗൂഢ രാഷ്ട്രീയ അജൻഡയാണെന്ന് ചർച്ചയിൽ പ്രതിപക്ഷം ആരോപിച്ചു. ഉടൻ നടപ്പാക്കാനാവില്ലെങ്കിൽ ഇത്ര രഹസ്യാത്മകത എന്തിനായിരുന്നെന്നും പ്രതിപക്ഷാംഗങ്ങൾ ചോദിച്ചു. മുൻപു പലവട്ടം നടക്കാതെ പോയത് മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയെന്നായിരുന്നു ഭരണപക്ഷത്തിന്റെ മറുപടി.
സ്ത്രീകൾക്ക് പുരുഷന്മാരുടെ ഔദാര്യമല്ല വേണ്ടതെന്നും തുല്യതയാണു വേണ്ടതെന്നും ഡിഎംകെ അംഗം കനിമൊഴി പറഞ്ഞു. ‘ഞങ്ങളെ ദേവിയായും മറ്റും പീഠങ്ങളിൽ കയറ്റിവച്ച് ആരാധിക്കേണ്ട. ഇത് ഞങ്ങളുടെയും പാർലമെന്റാണ്. ഈ ബില്ലിൽ രാഷ്ട്രീയം കളിക്കുന്നതു ദൗർഭാഗ്യകരമാണ്. വനിതകളെ സംരക്ഷിക്കുന്നുവെന്ന് ബിജെപി പറയുന്നത് അവരെ വഞ്ചിക്കാനാണ്. എന്ത് അഭിപ്രായൈക്യമാണ് ഈ ബില്ലിന്റെ കാര്യത്തിൽ സർക്കാരുണ്ടാക്കിയത്? ഉടൻ നടപ്പാക്കാനാവില്ലെങ്കിൽ എന്തിനാണ് പ്രത്യേക സമ്മേളനം വിളിച്ചും വളരെ രഹസ്യമായി കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നുമൊക്കെ നാടകം കളിച്ചത്? സർവകക്ഷി യോഗത്തിൽ എന്തുകൊണ്ടിക്കാര്യം മിണ്ടിയില്ല?’ കനിമൊഴി ചോദിച്ചപ്പോൾ ബിജെപി ബെഞ്ചുകൾ മൗനം വെടിഞ്ഞില്ല
സോണിയ ഗാന്ധി പ്രസംഗിച്ച ശേഷം ബിജെപി പക്ഷത്തു നിന്ന് ചർച്ചയ്ക്കു തുടക്കമിട്ടത് നിഷികാന്ത് ദുബെയായിരുന്നു. വനിതാ അംഗങ്ങൾ ഏറെയുണ്ടായിട്ടും അവരെ സംസാരിക്കാൻ അനുവദിക്കാത്തത് ഇരട്ടത്താപ്പാണെന്നു പറഞ്ഞ് പ്രതിപക്ഷാംഗങ്ങൾ ട്രഷറി ബെഞ്ചുകളെ പരിഹസിച്ചു. രക്ഷയ്ക്കെത്തിയ അമിത് ഷാ സ്ത്രീകൾക്കു വേണ്ടി പുരുഷന്മാർക്കും സംസാരിക്കാമെന്നും അവരുടെ കാര്യങ്ങളിൽ ഇടപെടാമെന്നും പറഞ്ഞതിനെ വിമർശിച്ചാണ് കനിമൊഴി ആരുടെയും ഔദാര്യം വേണ്ടെന്നു പറഞ്ഞത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വനിതാ മുഖ്യമന്ത്രിമാരില്ലാത്തതും. പിന്നീടു സംസാരിച്ച പ്രതിപക്ഷത്തെ വനിതാ അംഗങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന പാർട്ടികളുടെ പ്രതിനിധികൾ തങ്ങളുടെ സംസ്ഥാനങ്ങളിൽ വനിതാ സംവരണത്തിന് അതതു പാർട്ടികൾ നേതൃത്വം കൊടുത്തതു പറഞ്ഞു.
ബിജെപി പക്ഷത്തുനിന്നു സംസാരിച്ച എല്ലാ പ്രതിനിധികളും സ്ത്രീ ശാക്തീകരണത്തിന്റെ നെടുംതൂണാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു പറഞ്ഞു. മോദി ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടിയിൽ വനിതാ സംവരണം കൊണ്ടു വന്നതു മുതൽ പ്രധാനമന്ത്രിയായതുവരെയുള്ള പ്രവർത്തനങ്ങൾ ആഭ്യന്തര മന്ത്രി അമിത്ഷാ വിശദീകരിച്ചു.
സവർണ വനിതകൾക്കു മാത്രമാണ് ഈ സംവരണമെന്നും മുസ്‌ലിം വനിതകളെ ഒഴിവാക്കുകയാണെന്നും അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി. രാഹുൽഗാന്ധി പദയാത്ര നടത്തിയതു കൊണ്ടു പേടിച്ചാണ് പ്രത്യേക സമ്മേളനം വിളിച്ച് ഈ ബിൽ പാസാക്കുന്നതെന്ന് എഐയുഡിഎഫ് നേതാവ് ബദറുദ്ദീൻ അജ്മൽ പറഞ്ഞു.
സെൻസസ് നടത്താൻ കഴിയാതിരുന്നത് കോവിഡ് കാരണമാണെന്ന് ബിജെപി അംഗം നിഷികാന്ത് ദുബെ പറഞ്ഞതിനെ അകാലിദൾ അംഗം ഹർസിമ്രത് കൗർ പരിസഹിച്ചു. ചൈനയിലും യുകെയിലും സെൻസസ് നടന്നു. വിശ്വഗുരു എന്നു വീമ്പിളക്കി നടക്കുന്ന നിങ്ങൾക്ക് ഒരു സെൻസസ് നടത്താൻ കഴിയില്ലേയെന്ന് അവർ ചോദിച്ചു.
നേരത്തേ വനിതാ സംവരണത്തെ എതിർത്തവർ ഇപ്പോൾ നിലപാടു മാറ്റിയതു നന്നായി എന്നു രമ്യ ഹരിദാസ് പറഞ്ഞു. ഭരണഘടനാ ഭേദഗതി ബില്ലിനെ നാരീശക്തി വന്ദൻ അധിനിയമമെന്നു വിളിക്കുന്നത് ഏതു നിലയ്ക്കാണെന്ന് വ്യക്തമാക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.
ഗണേശ ചതുർഥി ദിനത്തിൽ പുതിയ മന്ദിരത്തിലേക്കു വലതു കാൽവച്ചു വന്നു വനിതകളെ വഞ്ചിക്കുകയാണെന്നും അവർ ബിജെപിയെ ശപിക്കുമെന്നും എ.എം.ആരിഫ് പറഞ്ഞു. വനിതാ സംവരണത്തിന് ആദ്യം നടപടിയെടുത്ത രാജീവ് ഗാന്ധിയെ മറക്കരുതെന്ന് തോമസ് ചാഴികാടൻ പറഞ്ഞു.
തന്റെ പ്രസംഗം കഴിഞ്ഞയുടനെ രാഹുൽ ഗാന്ധി പുറത്തേക്കു പോയപ്പോൾ രാഹുൽ ഓടിപ്പോവുകയാണെന്ന് ബി.ജെ.പി വിളിച്ചു പറഞ്ഞപ്പോൾ രാഹുൽ തിരിച്ചിറങ്ങി വന്ന് ‘എന്താണ് നിങ്ങൾക്ക് പ്രശ്ന’മെന്നു ചോദിച്ചു. അദ്ദേഹം സഭ വിടുകയല്ലെന്നും തിരിച്ചുവരുമെന്നും കോൺഗ്രസ് അംഗങ്ങൾ പറഞ്ഞപ്പോഴും ബിജെപി ബെഞ്ചുകൾ അടങ്ങിയില്ല. ‘രാഹുൽ വന്നു പ്രസംഗിച്ചല്ലോ, പ്രധാനമന്ത്രി ഈ വഴിക്കു വരാത്തതെന്താണ്’ എന്ന് ടിഎംസി അംഗം മഹുവ മൊയ്ത്ര വിളിച്ചു ചോദിച്ചു. അൽപ സമയത്തിനു ശേഷം തിരിച്ചെത്തിയ രാഹുൽ ഗാന്ധി രാത്രി വോട്ടെടുപ്പ് കഴിഞ്ഞാണ് മടങ്ങിയത്.