കോഴിക്കോട്: യുവനടിയുടെ ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചതില്‍ പ്രതികരണവുമായി സി.പി.എം നേതാവ് ഡോ. പി. സരിന്റെ ഭാര്യ ഡോ. സൗമ്യ സരിന്‍. മനസ്സ് തുറന്നു ചിരിക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യമാണല്ലേ എന്നും സൗമ്യ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെ യുവനടി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി. സരിന്‍ രംഗത്തെത്തിയിരുന്നു. തെമ്മാടി പാര്‍ട്ടിയില്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടതെന്നാണ് സരിന്‍ എഫ്.ബി പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
‘ആരാണയാള്‍ എന്നതിനുമപ്പുറം, ഒരു പെണ്‍കുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇതൊക്കെ എന്നതാണ് ആദ്യമായി നമ്മളോരോരുത്തരേയും ചൊടിപ്പിക്കേണ്ടത്. അയാളിനി ആരു തന്നെയായാലും, അതിനൊക്കെ ഒത്താശ ചെയ്തവരും കൂട്ടു നിന്നവരും മൗനം പാലിച്ചവരും ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും എന്നുമൊക്കെ ആലോചിക്കുമ്പോഴാണ് കൂടുതല്‍ ചെടിപ്പുണ്ടാകുന്നത്. ആ തെമ്മാടി പാര്‍ട്ടിയില്‍ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടത്’.-സരിന്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
യുവനടിയുടെ ആരോപണങ്ങളെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. യുവനടി തന്റെ സുഹൃത്താണെന്നും അവര്‍ തന്റെ പേര് പറഞ്ഞിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞിരുന്നു.

