പാകിസ്ഥാനിൽ നിന്ന് തീർത്ഥാടകരുമായി പോയ ബസ് ഇറാനിൽ തലകീഴായി മറിഞ്ഞ് 28 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് ഇറാൻ പ്രവിശ്യയായ യാസ്ദിൽ അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ബ്രേക്കിംഗ് സംവിധാനത്തിൽ സംഭവിച്ച തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക പൊലീസ് റിപ്പോർട്ട്. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഏഴ് പേർ ഗുരുതരാവസ്ഥയിലാണുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. അൽ-ഹുസൈൻ ഇബ്‌ൻ അലിയുടെ അനുസ്മരണത്തിനായി ഇറാഖിലേക്ക് പുറപ്പെട്ട തീർത്ഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. പതിനൊന്ന് സ്ത്രീകളും പതിനേഴ് പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചിട്ടുള്ളത്. തലകീഴായി മറിഞ്ഞ ബസിന്റെ ചിത്രങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർകാനയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്നത്. അൽ-ഹുസൈൻ ഇബ്‌ൻ അലിയുടെ അനുസ്മരണത്തിനായി ഇരുപത് ലക്ഷം ഷിയ മുസ്ലിം വിശ്വാസികളാണ് വർഷം തോറും നടക്കുന്ന തീർത്ഥാടന യാത്രയിൽ പങ്കെടുക്കാറ്. ഇറാഖിലെ നജാഫ് മുതൽ കർബല വരെയുള്ള 80 കിലോമീറ്റർ ദൂരത്താണ് തീർത്ഥാടക സംഗമം നടക്കാറ്. ഗതാഗത സംവിധാനങ്ങളില പോരായ്മകളുടെ പേരിൽ കുപ്രസിദ്ധമാണ് ഇറാൻ. ഓരോ വർഷവും 20000 പേരാണ് ഇറാനിൽ റോഡ് അപകടങ്ങളിൽ കൊല്ലപ്പെടുന്നതെന്നാണ് കണക്കുകൾ.