കൊച്ചി കാക്കനാട് ഫ്ളാറ്റിലെ കൊലപാതകം കടം വാങ്ങിയ പണം തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നാണെന്ന് പ്രതി അര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. എല്ലാം താന്‍ ഒറ്റയ്ക്കാണ് ചെയ്തത് എന്നും അര്‍ഷാദ് പോലീസിനോട് പറഞ്ഞു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ ആരംഭിച്ചത്. ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച പണം ഇതിനായി സജീവന് നല്‍കിയിരുന്നു. ലഹരി വിറ്റ ശേഷം പണം തിരിച്ചുതരാമെന്ന് പറഞ്ഞതല്ലാതെ തന്നില്ലെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് അര്‍ഷാദിന്റെ മൊഴി.
ഇതിന് പിന്നാലെ കൊലപ്പെടുത്തിയ രീതിയും പ്രതി പോലീസിനോട് വിശദീകരിച്ചു. അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള ദേഷ്യം വന്നു, യൂട്യൂബ് നോക്കി വീഡിയോ കണ്ടു. കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോയായിരുന്നു അത്. ഉടന്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കുത്തിക്കീറിയെന്നും അര്‍ഷാദ് പറഞ്ഞു. സംഭവം നടക്കുന്ന ദിവസം രണ്ട് പേരും അമിതമായി എംഡിഎംഎയും കഞ്ചാവും ഉപയോഗിച്ചിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സജീവ് മയങ്ങി വീണു. തുടര്‍ന്ന് പ്രകോപിതനായ അര്‍ഷാദ് കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മരിച്ചെന്ന് വ്യക്തമായതോടെ ഇത് ഒളിപ്പിക്കാനും തീരുമാനിച്ചു. രാവിലെ സമീപത്തെ കടയിലെത്തി ചൂലും മറ്റും വാങ്ങി. മൃതദേഹം പുതപ്പില്‍കെട്ടി ഡക്റ്റില്‍ ഇട്ട ശേഷം മുറി അടിച്ചു വൃത്തിയാക്കിയ ശേഷം അവിടെ ഉണ്ടായിരുന്ന ലഹരി വസ്തുക്കള്‍ എടുത്ത് സ്ഥലം വിടുകയായിരുന്നു. ഇതിന് ശേഷം നേരെ ഗോവയിലേക്കാണ് പ്രതി പോയത്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും, തറ കഴുകിയ ചൂലും, മൃതദേഹം പൊതിഞ്ഞ ബെഡ് ഷീറ്റും കണ്ടെത്തിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും ഇതുമായി ബന്ധിപ്പിക്കാവുന്ന സാഹചര്യങ്ങള്‍ ലഭിച്ചാലേ കാര്യങ്ങള്‍ വിശ്വസിക്കാനാകൂ എന്ന് പോലീസ് പറയുന്നു. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.