പ്രശസ്ത സിനിമാ നടി ചിത്ര അന്തരിച്ചു. 55വയസായിരിന്നു. ചെന്നൈയിൽ ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം വൈകീട്ട് 4മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും.
1975 മുതൽ നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കല്യാണപന്തലായിരുന്നു ആദ്യ ചിത്രം. പിന്നീട് പ്രേം നസീറിനൊപ്പം അനുഗ്രഹം , ആട്ടക്കലാശം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ദേവാസുരം, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, അമരം, ഏകലവന്യൻ, കമ്മീഷ്ണർ, സാദരം, ആറാം തമ്പുരാൻ, ഉസ്താദ്, സൂത്രധാരൻ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ സ്റ്റാറുകളോടൊപ്പം നിരവിധി സിനിമകളിൽ വേഷമിട്ടു.
മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴിൽ 1975 ൽ അപൂർവ രാഗങ്ങൾ, പിന്നീട് പുത്തൻ പുതു പയനം, ചേരൻ പാണ്ഡ്യൻ, ഗോപാലാ ഗോപാലാ, കബഡി കബഡി എന്നീ സിനിമകൾ ചെയ്തു. ഹിന്ദിയിൽ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ദൂരദർശനിലെ ഹിറ്റ് സീരിയലായ മാനസിയിലും ചിത്ര വേഷമിട്ടിട്ടുണ്ട്.
നടി ചിത്രയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. ഒരു വടക്കൻ വീരഗാഥ, ആറാം തമ്പുരാൻ, അദ്വൈതം തുടങ്ങി 130ഓളം ചിത്രങ്ങളിൽ മലയാളികളുടെ പ്രിയങ്കരിയായ നടി ചിത്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചിത്രയുടെ കുടുംബാംഗങ്ങളുടെയും സിനിമാ ആസ്വാദകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നതായി പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

