സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെ.ആര്‍.പി സംസ്ഥാന അധ്യക്ഷ സി കെ ജാനുവിനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമെതിരെ പുതിയ വെളിപ്പെടുത്തലുമായി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീദ അഴീക്കോട്. സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി പ്രസീദ പറഞ്ഞു.
ഹോട്ടല്‍ മുറിയില്‍ വെച്ച് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കുന്നത് നേരിട്ടുകണ്ടു. ടവ്വലില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണമെന്നും പ്രസീത വെളിപ്പെടുത്തി.
മാര്‍ച്ച് 7 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം ഹൊറിസോണ്‍ ഹോട്ടലില്‍ വച്ചാണ് പണം കൈമാറിയത്. ഒരു ടവ്വലില്‍ പൊതിഞ്ഞ നിലയില്‍ പണം കിടക്കയില്‍ ഉണ്ടായിരുന്നു. ഇക്കാര്യം അന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കാശു വാങ്ങി താന്‍ ഈ കേസില്‍ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങള്‍ വന്നതോടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും പ്രസീദ വിശദീകരിച്ചു.

