ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ രണ്ട് അദ്ധ്യാപകര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ അദ്ധ്യാപകരാണ് പിടിയിലായത്.
എന്‍ടിഎ ഒബ്സര്‍വര്‍ ഡോ ഷംനാദ്, സെന്റര്‍ കോര്‍ഡിനേറ്റര്‍ പ്രൊഫസര്‍ പ്രിജി കുര്യന്‍ ഐസക് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം അടക്കം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇവരാണെന്ന് പോലീസിന് തെളിവ് ലഭിച്ച സാഹചര്യത്തിലാണ് നിര്‍ണ്ണായക നടപടി.
ആയൂര്‍ മാര്‍ത്തോമ കോളേജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും സഹ ചുമതലക്കാരനുമായിരുന്നു ഇവര്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇവരടക്കം നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു.