ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഇന്ന് അറിയാം. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്റില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദീ മുര്‍മൂവും പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുമാണ് മത്സര രംഗത്ത്. പാര്‍ലമെന്റിലെ അറുപത്തി മൂന്നാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍.
വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി സി മോദി ഫലം പ്രഖ്യാപിക്കും. ജൂലൈ 25നു രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ. സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായാണ് അന്ന് അധികാരമേല്‍ക്കുക.
771 എംപിമാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്. അഞ്ചു പേര്‍ പങ്കെടുത്തില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 4025 എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തി. ആകെ വോട്ടിങ് 99.18 ശതമാനമായിരുന്നു. കേരളം, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഗോവ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറു ശതമാനം വോട്ടും രേഖപ്പെടുത്തി.
നാല്‍പത്തിയൊന്ന് പാര്‍ട്ടികളുടെ പിന്തുണയുമായി എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. നിലവില്‍ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചത് പരിഗണിച്ചാല്‍, ആകെ വോട്ടുമൂല്യത്തില്‍ 60 ശതമാനത്തിലധികം നേടി ദ്രൗപദി ഇന്ത്യയുടെ രാഷ്ട്രപതിയാകും. ഇപ്പോഴത്തെ കണക്കില്‍ ദ്രൗപദി ലഭിക്കാവുന്ന വോട്ടുമൂല്യം 6.61 ലക്ഷത്തിന് മുകളിലാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷവും. 10,86,431 ആണ് ആകെ വോട്ടുമൂല്യം. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായാണ് യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.