നാഷനൽ ഹെറൾഡ് കേസിലെ ചോദ്യം ചെയ്യലിനായി ഇന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകും.ഇതേതുടർന്ന് എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു. രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം.രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു കോൺഗ്രസ് വ്യക്തമാക്കി.കോവിഡിനെ തുടർന്നുള്ള ശാരീരിക പ്രശ്നങ്ങൾ ഉള്ളതിനാൽ വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫിസില്‍ ഹാജരാകാമെന്ന് സോണിയ ഗാന്ധി മറുപടി നൽകുകയായിരുന്നു. എഐസിസി ആസ്ഥാനത്തേക്ക് എത്തുന്ന എംപിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ, മുഖ്യമന്ത്രിമാർ എന്നിവർ സോണിയ ഗാന്ധിയെ അനുഗമിക്കും. സംസ്ഥാന പൊലീസ് തടഞ്ഞാൽ കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനം. എല്ലാ തലസ്ഥാനങ്ങളിലും പ്രതിഷേധം അരങ്ങേറും. രാജ്ഭവനുകൾ ഉപരോധിക്കും. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. മറ്റന്നാൾ രാജ്യത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. സോണിയ ഗാന്ധിക്ക് എതിരായ നീക്കം മാത്രമല്ലിതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചൂണ്ടികാട്ടിയിരുന്നു. കേന്ദ്ര ഏജൻസികളുടെ ദുരൂപയോഗത്തിന് എതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.