രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ച വനിത ഡോക്ടറില്‍ ആല്‍ഫ, ഡെല്‍റ്റ എന്നീ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി. സാധാരണ ഗതിയില്‍ ഒരാളില്‍ ഇരട്ട വകഭേദങ്ങള്‍ വരുന്നത് അപകടകരമായ അവസ്ഥയാണ്. എന്നാല്‍ വാക്സിന്റെ ഗുണമേന്മയാല്‍ ഗുവാഹത്തിയില്‍ അസുഖം ബാധിച്ച ഡോക്ടര്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. ഗുവാഹത്തി റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ബി ജെ ബോര്‍കകോട്ടി പറഞ്ഞു.
തൊണ്ടവേദന, ശരീരവേദന, ഉറക്കമില്ലായ്മ എന്നീ ബുദ്ധിമുട്ടുകളാണ് രോഗ ബാധിതയായ ഡോക്ടര്‍ക്ക് ഉണ്ടായിരുന്നത്. യുകെ, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലാണ് ഒരാളില്‍ ഇരട്ട വകഭേദം കണ്ടെത്തിയത് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
രണ്ട് വകഭേദങ്ങള്‍ ഒരു വ്യക്തിയെ ഒരേ സമയം അല്ലെങ്കില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ബാധിക്കുമ്പോഴാണ് ഇരട്ട അണുബാധ സംഭവിക്കുന്നത്. ഒരാള്‍ക്ക് ഒരു വകഭേദം ബാധിക്കുമ്പോഴും പ്രതിരോധശേഷി വികസിക്കുന്നതിനു മുമ്പും ഇത് സംഭവിക്കുന്നുവെന്ന് ഗുവാഹത്തി റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് അഭിപ്രായപ്പെട്ടു.