എന്‍.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്നമന്ത്രി എ കെ ശശീന്ദ്രന് എതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ പിതാവ്. കേസിൽ ഒത്തുതീർപ്പിനില്ലെന്നും ഒത്തുതീർക്കാൻ ഇത് പാർട്ടി വിഷയമല്ലെന്നും യുവതിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇതുവരെ കേസ് അന്വേഷിച്ചിട്ടില്ല. അന്വേഷണം നടന്നാലേ തൃപ്‌തിയുണ്ടോയെന്ന് പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ശശീന്ദ്രന് എതിരായ പരാതി അന്വേഷിക്കാന്‍ എന്‍ സി പി നിയോഗിച്ച അന്വേഷണ കമ്മിഷനെ കുറിച്ച് അറിയില്ല. പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ കമ്മിഷൻ ഉണ്ടെങ്കിൽ സഹകരിക്കുമെന്നും യുവതിയുടെ പിതാവ് പ്രതികരിച്ചു.
സംഭവത്തിൽ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗം പദ്‌മാകരൻ കൈയില്‍ കയറി പിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.
അതേസമയം മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് രാവിലെ അദ്ദേഹം നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്
പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജിവെക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് അറിയിക്കാനാണ് ക്ലിഫ് ഹൗസിലേക്ക് വന്നതെന്നും മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല താന്‍ എത്തിയതെന്നും മന്ത്രി പറഞ്ഞു. പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്.
പീഡനക്കേസില്‍ ഇടപെട്ടുവെന്ന ആരോപണം മാത്രമല്ല ചര്‍ച്ച ചെയ്തതെന്നും വനം വകുപ്പ് സംബന്ധിച്ച ചില കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന തന്റെ സര്‍ക്കാരിലെ ഒരു മന്ത്രിക്ക് നേരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നതില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്.