തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി. ആക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തിൽ സുപ്രീംകോടതി പരാമർശം നടത്തിയത്. ഹർജി വീണ്ടും പരിഗണിക്കുന്നത് ജൂലായ് പന്ത്രണ്ടിലേക്ക് മാറ്റുകയും കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. നോട്ടീസിൽ ജൂലായ് ഏഴിനകം മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയ്ക്കായി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനാണ് സുപ്രിം കോടതിയിൽ ഹർജി പരാമർശിച്ചത്. തെരുവുനായ ആക്രമണം രൂക്ഷമായ വിഷയമാണെന്നും തെരുവുനായയുടെ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച കാര്യവും അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി . അടിയന്തര നടപടി ഈക്കാര്യത്തിൽ കോടതിയിൽ നിന്ന് ഉണ്ടാകണമെന്ന് അഭിഭാഷകൻ അഭ്യർത്ഥിച്ചു. തുടർന്നാണ് ഇത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രണം കൂടിവരികയാണ്. കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തിൽ ഗുരുതരമായി പരുക്കെറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്.

