ബത്തേരി (വയനാട്): സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ മൈസൂര്‍ റോഡില്‍ കോട്ടക്കുന്നില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പുതുശേരിയില്‍ പോള്‍ മാത്യൂസിന്റെ വീടിന്റെ പരിസരത്താണ് വീണ്ടും പുലി എത്തിയത്. കോഴിക്കൂടിനടുത്ത് പുലി വന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയും ചൊവ്വാഴ്ചയും മാത്യൂസിന്റെ വീട്ടില്‍ പുലി എത്തിയതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മാത്യൂസിന്റെ കോഴിക്കൂട്ടിലുണ്ടായിരുന്ന നാല് കരിങ്കോഴി ഉള്‍പ്പെടെ ഒമ്പത് കോഴികളെ കൊന്നിരുന്നു. പുലി കോഴികളെ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങള്‍ വീടിന്റെ സമീപത്തു നിന്ന് കണ്ടെത്തുകയും ചെയ്തു.
അന്ന് വനം വകുപ്പ് സ്ഥലത്തെത്തിയെങ്കിലും കൂട് വെക്കാനുള്ള നടപടിയെടുത്തിരുന്നില്ല. പകരം കാമറ സ്ഥാപിച്ച് പുലിയെ നിരീക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. പോള്‍ മാത്യൂസിന്റെ വീടിനോടു ചേര്‍ന്നുള്ള കോഴിക്കൂടിനടുത്ത് കൂടുവെച്ചിരുന്നെങ്കില് ഇതിനോടകം തന്നെ പുലിയെ പിടികൂടാന്‍ സാധിക്കുമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

