ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. മെയ് 31 വരെയാണ് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. 2023 ഫെബ്രുവരി മുതല്‍ സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതിക്കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സിസോദിയയുടെ ജാമ്യാപേക്ഷകളില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. വൈകിട്ട് അഞ്ച് മണിക്ക് ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

