കണ്ണൂർ∙ റോഡ് ക്യാമറാ ഇടപാടിൽ പ്രതിപക്ഷത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നട്ടെല്ലുണ്ടെങ്കിൽ റോഡ് ക്യാമറ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സുധാകരൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് ന്യായീകരിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘ഒറ്റക്കാര്യം. അത്ര നട്ടെല്ലുണ്ടെങ്കിൽ സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണത്തിന് ഈ സർക്കാർ തയാറാകട്ടെ. അദ്ദേഹത്തിന്റെ വകുപ്പിലെ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചു. അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അന്വേഷണം മാത്രമല്ലേ? നിങ്ങൾ തന്നെ ആലോചിച്ചിട്ടു പറയൂ. ഈ സർക്കാർ ഭരിക്കുന്നു. ഈ സർക്കാരിലെ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് സർക്കാരിനെതിരായ ഗുരുതരമായ ആരോപണം അന്വേഷിക്കുന്നു എന്നു പറഞ്ഞാൽ അത് പരിഹാസ്യമല്ലേയെന്നും സുധാകരൻ ചോദിച്ചു.