മധ്യപ്രദേശില്‍ കാണാതായ മാനസിക വെല്ലുവിളി നേരിടുന്ന 65കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. രത്ലാം ജില്ലയിലെ സാര്‍സി സ്വദേശിയായ ഭന്‍വര്‍ലാല്‍ ജെയിന്‍ എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മരണത്തില്‍ മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ കൊലപാതക കുറ്റം രജിസ്റ്റര്‍ ചെയ്തു. ഭന്‍വര്‍ലാലിനെ ബിജെപി നേതാവിന്റെ ഭര്‍ത്താവ് മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് നടപടി.
‘നിന്റെ പേര് മുഹമ്മദ് എന്നാണോ’ എന്നുചോദിച്ച് ഒരാള്‍ മര്‍ദ്ദിക്കുന്നതും ഇയാള്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുന്നതുമായ വീഡിയോ പ്രചരിക്കുന്നുണ്ട്. ബിജെപി നേതാവിന്റെ ഭര്‍ത്താവായ ദിനേശ് കുഷ്വഹ വയോധികനെ മര്‍ദിക്കുന്ന രംഗങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. ‘എന്താണ് നിന്റെ പേര് മുഹമ്മദ് എന്നാണോ’ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് ഇയാള്‍ വയോധികന്റെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. യഥാര്‍ത്ഥ പേര് പറയാനും ആധാര്‍ കാര്‍ഡ് കാണിക്കാനും വീഡിയോയില്‍ അക്രമി ആവശ്യപ്പെടുന്നുണ്ട്.
മര്‍ദ്ദനത്തില്‍ പരിഭ്രാന്തനായി കാണപ്പെട്ട വൃദ്ധന്‍ മടിക്കെട്ടിലെ പണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ പ്രകോപിതനായ അക്രമി ബന്‍വര്‍ലാലിന്റെ തലയിലും ചെവിയിലുമായി നിര്‍ത്താതെ അടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബന്‍വര്‍ലാല്‍ സാഹചര്യം മനസ്സിലാക്കാനും പ്രതിരോധിക്കാനും ബുദ്ധിമുട്ടുന്നുമുണ്ട്. വീഡിയോ ശ്രദ്ധയില്‍പെട്ട ബന്‍വര്‍ലാലിന്റെ കുടുംബം ഉടനെ തന്നെ പൊലീസിനെ സമീപിക്കുകയും അടിയന്തിരമായി കുഷ് വാഹയുടെ അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പ്രകാരം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള കെഎല്‍ ദാങ്കി എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.
രാജസ്ഥാനില്‍ തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ച് മടങ്ങിയ ഭന്‍വര്‍ലാലിനെ മേയ് 15-ാം തീയതി മുതലാണ് കാണാതായത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ വയോധികന്റെ ഫോട്ടോ സഹിതം പോലീസ് അറിയിപ്പുകള്‍ നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ റോഡരികില്‍ ഭന്‍വര്‍ലാലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു.
സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കേസിലെ പ്രതി പ്രതി തന്നെയാണെന്നും ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നും ബിജെപി നേതാവായ രജ്നീഷ് അഗര്‍വാള്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നവരോട് സര്‍ക്കാര്‍ ഒരിക്കലും ദയകാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.