കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കുന്നതിനിടെ ഒറ്റ ദിവസം അമ്പതിനായിരം വരെ കേസുകള്‍ ഉണ്ടായേക്കാമെന്ന് വിലയിരുത്തല്‍.
കൊവിഡ് കോര്‍ കമ്മറ്റി യോഗത്തിലാണ് ഈ വിലയിരുത്തല്‍. ആശുപത്രികളോട് സജ്ജമായിരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം പേരില്‍ കൂട്ട പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.
കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പൊലീസ് മേധാവിയും പങ്കെടുക്കും. രാവിലെ 11 മണിക്കാണ് യോഗം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുമാസത്തിന് ശേഷം ഇന്ന് വീണ്ടും തിരുവനന്തപുരത്തെത്തും. കോവിഡ് ബാധിതനായിരുന്ന മുഖ്യമന്ത്രി ആശുപത്രിയില്‍ നിന്നും വീണ്ടും കണ്ണൂരേക്കായിരുന്നു പോയത്. ഓണ്‍ലൈന്‍ വഴിയായിരുന്നു മന്ത്രിസഭ യോഗങ്ങള്‍. ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന അദ്ദേഹം കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ചുമതല നല്‍കും.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കോര്‍കമ്മിറ്റി യോഗങ്ങള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചേര്‍ന്നത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടപ്പാക്കുകയായിരുന്നു. ഈ സമയം മന്ത്രിസഭായോഗങ്ങള്‍ ഓണ്‍ലൈനായി ചേര്‍ന്നിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഏകോപനമില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പല വകുപ്പുകളും സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുന്നതും തലവേദനയാവുന്നുണ്ട്. ചില ജില്ലാ ഭരണാധികാരികളുടെ തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി ഇടപെട്ട് തിരുത്തേണ്ടി വന്നിരുന്നു. ഇതും കണക്കിലെടുത്താണ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കുന്നത്.