തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാൻ തിരക്ക്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കി നിൽക്കെ പ്രമുഖർ കൂട്ടത്തോടെ എത്തി പത്രിക സമർപ്പിച്ചു. പ്രകടനത്തോടെ എത്തിയാണ് വിവിധ ജില്ലകളിൽ മന്ത്രിമാരും മുന്നണി നേതാക്കളും പത്രിക സമര്‍പ്പിച്ചത്. ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇനി തിങ്കളാഴ്ച കൂടി മാത്രമാണ് പത്രിക നൽകാനാകുക. പത്രിക നൽകാനുള്ള അവസാന തീയതി മാര്‍ച്ച് 23ആണ്.
ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്, കളമശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി മന്ത്രി പി റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കെ. ശൈലജ എന്നിവരും പത്രിക നൽകി. ഹരിപ്പാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തി ഹരിപ്പാട് താലൂക്ക് ഓഫീസിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. സണ്ണി ജോസഫും പി.കെ. കുഞ്ഞാലിക്കുട്ടിയും കെ. മുരളീധരനും ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർത്ഥികളും പത്രിക നൽകി. മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ, നേമത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരും പത്രിക നൽകി. അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള ജി. സുധാകരനും പത്രിക നൽകി.
കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി.എ. മുഹമ്മദ് റിയാസ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അരുൺ ടി.ജെ. ക്ക് മുന്നിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് നൽകിയത്. റോഡ് ഷോയായി എത്തിയായിരുന്നു മന്ത്രിയുടെ പത്രിക സമർപ്പണം. ആര്‍ജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎം ജില്ല സെക്രട്ടറി എം മെഹബൂബ് , വി കെ സി മമ്മദ് കോയ എന്നിവർ ഒപ്പമുണ്ടായിരുന്നു.

