നടന്‍ കലഭാവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ഞങ്ങള്‍ക്ക് കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ താരം കുറിച്ചു.
ഹരീഷ് പേരടിയും ഫെയ്‌സ്ബുക്ക് കുറിപ്പ്
മോളെ സത്യഭാമേ..ഞങ്ങള്‍ക്ക് നീ പറഞ്ഞ ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭിര്‍ത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോള്‍ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം..
ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമയുടെ പരാമര്‍ശം. മോഹിനി ആയിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറം. ഒരു പുരുഷന്‍ കാലും അകത്തി വച്ച് മോഹിനിയാട്ടം കളിക്കുക എന്നാല്‍ ഇതുപോലെ ഒരു അരോചകം ഇല്ല. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആണ്‍പിള്ളേരില്‍ സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം. ഇവനെ കണ്ടു കഴിഞ്ഞാല്‍ ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല’- എന്നായിരുന്നു അവരുടെ വാക്കുകള്‍.