തീരദേശത്തെ നിയമം ലംഘിച്ച് നിർമിച്ച ആലപ്പുഴയിലെ കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. നടപടി പൂർത്തീകരിച്ചില്ലെങ്കിൽ കോടതി അലക്ഷ്യത്തിന് ചീഫ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ദുലിയ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചീഫ്‌സെക്രട്ടറിക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.
റിസോർട്ടിലെ 54 കോട്ടേജുകൾ പൂർണമായി പൊളിച്ചതായും ബാക്കിയുള്ളത് പ്രധാന കെട്ടിടം മാത്രമാണെന്നും ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ സംസ്ഥാന സ്റ്റാന്റിംഗ് കൗൺസിൽ സി കെ ശശി സുപ്രീംകോടതിയെ അറിയിച്ചു.എന്നാൽ വിശദീകരണം തൃപിതികരമല്ലെന്നും കെട്ടിടങ്ങൾ പൂർണമായി പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. തുടർന്ന് പൊളിക്കൽ സംബന്ധിച്ച സത്യവാങ്മൂലം ഈ വെള്ളിയാഴ്ച്ച ഫയൽ ചെയ്യാമെന്ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു.