കുന്ദമംഗലം: ഹെവൻസ് പ്രീ സ്കൂളിലെ സ്കൈ ത്രീ വിദ്യാർത്ഥികൾ കുന്ദമംഗലത്തെ മാതൃകാ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന സ്റ്റേഷൻ സന്ദർശനം കുട്ടികൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടത്തറമ്മലിന്റെ സംവാദം കുട്ടികളെ പുതിയ കാര്യങ്ങളെ കുറിച്ച് അറിയാനും മനസിലാക്കാനും സഹായിച്ചു. കൂടാതെ എസ് ഐ മുഹമ്മദ് അഷ്റഫ്, എ എസ് ഐ അബ്ദുള്ള, എ എസ് ഐ മീന തുടങ്ങിയവർ ട്രാഫിക് നിയമങ്ങളെക്കുറിച്ച് സംസാരിച്ചു ചെറിയ രീതിയിൽ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിച്ചെടുത്തു.
നിയമം ലംഘിച്ചു വാഹനം ഓടിക്കുന്നവരെയും റോഡിൽ മറ്റു അക്രമങ്ങൾ ചെയ്യുന്നവരെയും കണ്ടെത്താൻ ഉപയോഗിക്കുന്ന കാമറ സിസ്റ്റത്തിന്റെ പ്രവർത്തന സംവിധാനങ്ങളെല്ലാം കുട്ടികൾക്ക് കാണിച്ചു. ഒപ്പം ലോക്കപ്പ് മുറിയും പോലീസ് സ്റ്റേഷനിലുള്ള മറ്റു എല്ലാവിധ സംവിധാനങ്ങളുടെ നടത്തിപ്പെല്ലാം അവർക്ക് മനസിലാക്കാൻ ഉതകുന്ന രീതിയിൽ ലളിതമായി പോലീസുകാർ പറഞ്ഞു കൊടുത്തത് കൊണ്ട് തന്നെ ഹെവൻസ് പ്രീ സ്കൂളിലെ സ്കൈ ത്രീ വിദ്യാർത്ഥികൾക്ക് മാതൃകാ പോലീസ് സ്റ്റേഷൻ സന്ദർശനം തികച്ചും പുതുമ നിറഞ്ഞ ഒരു അനുഭവമായി മാറി.

