തിരുവനന്തപുരം: സിപിഎം കേരള ഘടകം ജീർണതയുടെ പടുകുഴിയിൽ വീണുകിടക്കുമ്പോൾ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കൾ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ചോദിച്ചു. പി കൃഷ്ണപിള്ളയും എകെജിയും ഇഎംഎസും നയിച്ച പാരമ്പര്യമുള്ള പാർട്ടിയെ ഇപ്പോൾ പിണറായി വിജയനും എം വി ഗോവിന്ദനും നയിക്കുമ്പോൾ അത് അധോലോക സംഘമായി മാറിയിട്ടും കേന്ദ്രനേതൃത്വം പാലിക്കുന്ന നിശബ്ദത ഭയാനകമാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും സിപിഎമ്മിന്റെ പങ്ക് വ്യക്തമായ അതീവഗുരുതരമായ സാഹചര്യമുള്ളപ്പോൾ സിപിഎം കേരള ഘടകത്തിന് നേർവഴി കാട്ടാൻ ദേശീയ നേതൃത്വം ഇടപടുമോെയെന്നും അദ്ദേഹം ചോദിച്ചു.
സമീപകാലത്ത് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ താഴെപ്പറയുന്ന സമകാലിക സംഭവങ്ങളിൽ സിപിഎമ്മിനു നിർണായക പങ്കുള്ളതിനാൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം കേൾക്കാൻ കേരളീയ സമൂഹത്തിന് താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കിയ സുധാകരൻ യെച്ചൂരിയോട് ചോദ്യങ്ങളും ഉന്നയിച്ചു.
1) ലൈഫ് മിഷൻ കോഴയിടപാട് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ആരോപണം ഉന്നയിക്കുന്ന വ്യക്തിയും അന്വേഷണ ഏജൻസികളും പുറത്തുവിട്ടെങ്കിലും അധരവ്യായമത്തിലൂടെ എത്രനാൾ സ്വന്തം തെറ്റുകളെ മുഖ്യമന്ത്രിക്ക് ന്യായീകരിക്കാനാകും? ലൈഫ്മിഷനിൽ വീടുനിർമിക്കാൻ സംഭാവന ലഭിച്ച 20 കോടി രൂപയിൽ 9.25 കോടിയും കോഴപ്പണമാക്കിയെന്നത് ഗുരുതര ആരോപണമാണ്. അതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും എന്തൊക്കെയോ ഒളിക്കാനും മറയ്ക്കാനും ഉള്ളതുകൊണ്ടല്ലേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നല്കി സിബിഐ ആരംഭിച്ച അന്വേഷണത്തെ അട്ടിമറിച്ചതും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിൽനിന്ന് സുപ്രധാന ഫയലുകൾ കടത്തിയതും?
2) പിണറായി വിജയൻ അധ്യക്ഷനായ ലൈഫ് മിഷനിലെ കോഴക്കേസിൽ സിബിഐ അന്വേഷണത്തിന് എതിരേ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ താങ്കൾ കേരള സർക്കാരിനോട് ആവശ്യപ്പെടുമോ ?
3) മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നു നടത്തിയ സ്വർണക്കടത്തിലും ലൈഫ് മിഷൻ അഴിമതിയിലും മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലടയ്ക്കപ്പെട്ട സാഹചര്യത്തിൽ ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകുമോ? സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കേന്ദ്രനേതൃത്വത്തിനു താൽപ്പര്യമില്ലേ ?
4) മട്ടന്നൂരിൽ ശുഹൈബ് എന്ന ചെറുപ്പക്കാരനെ കൊന്നതു താനണെന്നും സിപിഎം നേതൃത്വത്തിൻറെ നിർദേശ പ്രകാരം ആണിതെന്നുമുള്ള ഈ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ തുറന്നുപറച്ചിൽ ശ്രദ്ധയിൽപ്പെട്ടു കാണുമല്ലോ. കണ്ണൂരുകാർക്ക് നേരത്തെ അറിയാവുന്ന സത്യമാണ് ഇപ്പോൾ ആക്‌സമികമായി പുറത്തുവന്നത്. എന്നിട്ടും ദേശീയ നേതൃത്വം എന്തുകൊണ്ടാണ് അതിനു നേരേ കണ്ണടയ്ക്കുന്നത്?
5) തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിൻറെ കേരള നേതാക്കളുടെ ആർഭാട ജീവിതം ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ? കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്റെ ഉടമസ്ഥയിൽ കണ്ണൂരിലുള്ള വൻകിട ആയൂർവേദ റിസോർട്ടിന്റെ ധനസമാഹരണവും ഇതിലെ ക്രമക്കേടും സംബന്ധിച്ച് മുൻജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജൻ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങൾ അന്വേഷിക്കാൻ ഭയപ്പെടുന്നത് എന്തിനാണ് ?
6) പിണറായി സർക്കാർ ഈയിടെ കേരളത്തിൽ പ്രാണവായു ഒഴികെ എല്ലാത്തിനും നികുതി കൂട്ടിയത് താങ്കൾ അറിഞ്ഞിരിക്കുമല്ലോ. കേന്ദ്രസർക്കാരിന്റെ ഇന്ധന വില വർധനവിനെതിരെ സമരം ചെയ്യുകയും ഭരണത്തിൽ ഇരിക്കുന്ന സംസ്ഥാനത്തിൽ മോദിയുടെ അതേ നടപടി ആവർത്തിക്കുകയുമല്ലേ സിപിഎം ചെയ്യുന്നത്. ഭരണത്തിലിരിക്കുമ്പോൾ സിപിഎമ്മും ബിജെപിയും തമ്മിലെന്താണ് വ്യത്യാസം?
7) പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾക്ക് ഇരയാകുന്നത് പാർട്ടി പ്രവർത്തകരായ സ്ത്രീകളാണ് എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നു. സ്ത്രീ ശാക്തീകരണത്തെയും സുരക്ഷയെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം നേതാക്കളിൽനിന്നും പാർട്ടി അംഗങ്ങളായ സ്ത്രീകൾക്കു പോലും തിക്താനുഭവങ്ങൾ ഉണ്ടാകുമ്പോൾ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. പീഡന വീരൻമാരെ സംരക്ഷിക്കുന്ന നിലപാട് തിരുത്താൻ നിങ്ങൾ തയ്യാറാകുമോ ?
8) ലഹരിയുടെ പ്രചാരകരും വിൽപ്പന്നക്കാരുമായി മാറിയ ഡിവൈഎഫ്‌ഐക്കാർ സമീപകാലത്ത് നിരവധി ലഹരിക്കേസുകളിൽ പ്രതിസ്ഥാനത്താണ്. സംസ്ഥാനത്തെ മദ്യലഹരി മാഫിയിൽനിന്നു രക്ഷിക്കാൻ ഒരു തിരുത്തൽ ശക്തിയായി കേന്ദ്രനേതൃത്വം മാറുമോ?
9) സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളെല്ലാം പാർട്ടി പ്രവർത്തകർ അപഹരിക്കുകയും അർഹതയുള്ളവർ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമുണ്ട്. ഇതിനൊരു പരിഹാരം കാണാനുള്ള ബാധ്യതയില്ലേ?
10) ഏറ്റവുമൊടുവിൽ നടന്ന വകുപ്പ് അധ്യക്ഷന്മാരുടെ യോഗത്തിൽ, സ്വതന്ത്രവും നിഷ്പക്ഷവുമായ ഭരണനിർവഹണം പാർട്ടി ഇടപെടൽ മൂലം സാധിക്കാത്ത സാഹചര്യമാണെന്നു ഗവ. സെക്രട്ടറിമാർ മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി പറഞ്ഞിരിക്കുകയാണ്. നിരവധി ഉന്നതോദ്യോഗസ്ഥർ കേരളത്തിൽനിന്ന് ഡെപ്യുട്ടേഷൻ വാങ്ങി പലായനം ചെയ്യുന്നതുമൂലം ഉണ്ടായിട്ടുള്ള ഭരണസ്തംഭനം ഒഴിവാക്കാൻ പാർട്ടി കേന്ദ്രനേതൃത്വം ഇടപെടുമോ?
കെട്ടിവച്ചിരിക്കുന്ന കൈകൾ അഴിച്ചിട്ടും മൂടിവച്ചിരിക്കുന്ന വായ്തുറന്നും മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നല്കണമെന്നും രാജാവ് നഗ്‌നനാണെന്ന് ഇനിയെങ്കിലും തുറന്നു പറയാനുള്ള ധൈര്യം സിപിഎമ്മിൻറെ ദേശീയ നേതൃത്വം കാട്ടണമെന്നും സുധാകരൻ അഭ്യർത്ഥിച്ചു. അതു ചെയ്തില്ലെങ്കിൽ പിണറായി വിജയൻ സർക്കാരിന്റെ സാമ്പത്തിക സ്രോതസിന് മുന്നിൽ സിപിഎം ദേശീയ നേതൃത്വം കീഴടങ്ങിയെന്ന് അണികളും ജനങ്ങളും ഉറക്കെപറയേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

