കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് നോട്ടീസ് അയച്ച് കോടതി. ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത് കുമാറിന്റെ ഹര്‍ജിയിലാണ് നോട്ടീസ്. മാര്‍ച്ച് ഒന്നിന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് നോട്ടിസ്. മട്ടന്നൂര്‍ പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മറ്റ് കേസുകളില്‍ ഉള്‍പ്പെടരുത് എന്ന ജാമ്യവ്യവസ്ഥയിലെ മൂന്നാമത്തെ വ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയായിരുന്നു ആകാശ് തില്ലങ്കേരിക്ക് ജാമ്യം അനുവദിച്ചത്.
കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐഎമ്മിന്റെ പങ്ക് വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നുമുള്ള പരാതിയില്‍ മുഴക്കുന്ന്, മട്ടന്നൂര്‍ സ്റ്റേഷനുകളില്‍ ആകാശിനെതിരെ കേസെടുത്തിരുന്നു. ഇതില്‍ മുഴക്കുന്ന് സ്റ്റേഷനിലെ കേസില്‍ ആകാശിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇത് കൂടി ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷന്റെ ഹര്‍ജി.

