സമസ്ത യുവജനവിഭാഗത്തിന്‍റെ വിലക്ക് ലംഘിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പുറത്താക്കിയ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയുടെകൂടെ വേദി പങ്കിട്ടു. കോഴിക്കോട് നാദാപുരത്ത് വാഫി കോളജ് ഉദ്ഘാടന ചടങ്ങിലാണ് ശിഹാബ് തങ്ങള്‍ പങ്കെടുത്തത്.
ഹക്കിം ഫൈസിയുമായി സഹകരിക്കരുതെന്നായിരുന്നു എസ്.വൈ.എസ് നിര്‍ദേശം. എന്നാൽ ഇത് മറികടന്ന് നാദാപുരം പെരുമുണ്ടശ്ശേരി വരക്കൽ മുല്ലക്കോയ തങ്ങൾ വാഫി കോളജ് ഉദ്ഘാടന, ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ: കോളജ് ശിലാസ്ഥാപന പരിപാടികളിലാണ് ശിഹാബ് തങ്ങൾ ഹക്കീം ഫൈസി എന്നിവർ ഒന്നിച്ച് പങ്കെടുത്തത്. വാഫി-വഫിയ്യ അത്ഭുതം സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സംവിധാനമെന്ന് സാദിഖലി തങ്ങള്‍ ചടങ്ങിൽ പറഞ്ഞു.
ഹക്കീം ഫൈസി ചുമതലയിൽ തുടരുന്നിടത്തോളം സി.ഐ.സിയുമായി സഹകരിക്കേണ്ടെന്ന് ഈ മാസം 14ന് ചേർന്ന സമസ്ത മുശാവറ തീരുമാനമെടുത്തിരുന്നു. ഹക്കീം ഫൈസിയുമായി സമസ്തയുടെ നേതാക്കളും അണികളും വേദി പങ്കിടരുതെന്നും പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും കഴിഞ്ഞ ദിവസം ചേർന്ന എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗവും തീരുമാനമെടുത്തു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായ തങ്ങൾ, എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്. ഈ പശ്ചാതലത്തിൽ സാദിഖലി തങ്ങളുടെ നടപടി സമസ്ത നേതൃത്വത്തിന് തിരിച്ചടിയാണ്.