മുൻ കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായിരുന്ന പി.ടി തോമസിനെ അനുസ്മരിച്ച് സഭ. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ വാദമുഖങ്ങളുയര്‍ത്തുന്നതിലെ കരുത്ത് പി ടി തോമസിനെ വ്യത്യസ്തനാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തീര്‍ത്തും അപ്രതീക്ഷിതമായി അകാലത്തിലാണ് പി ടി തോമസ് വിട പറഞ്ഞത്. ഈ നിയമസഭയെ സ്വന്തം വാദമുഖങ്ങള്‍ കൊണ്ട് വലിയതോതില്‍ സജീവവും ചടുലവുമാക്കിക്കൊണ്ടിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം സഭയുടെ പൊതുവിലുള്ള നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാരിസ്ഥിതിക കാര്യങ്ങളിലെന്നപോലെ സാമുദായികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പൊതു സമീപനങ്ങളില്‍ നിന്നു വ്യത്യസ്തമായ നിലപാടുകളാണു പലപ്പോഴും അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹത്തിനു ശരി എന്നു തോന്നിയ നിലപാടു കൈക്കൊള്ളുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും വ്യക്തിനിഷ്ഠ നിലപാടുകളായി അവ മാറി എന്നു പറയുന്നത്. അത് എങ്ങനെ സ്വീകരിക്കപ്പെടും എന്നു നോക്കാതെയുള്ള നിലപാടെടുക്കലാണ് പി ടി തോമസിനെ പലപ്പോഴും അദ്ദേഹത്തിന്‍റെ തന്നെ പാര്‍ട്ടിയില്‍ പോലും വേറിട്ട വ്യക്തിത്വത്തിന്‍റെ ഉടമയാക്കി നിര്‍ത്തിയത്.
തിരഞ്ഞെടുപ്പു പരാജയങ്ങളില്‍ ഒരിക്കലും തളരാതിരുന്ന പി ടി തോമസ്, രോഗത്തിന്‍റെ മുമ്പിലും തളര്‍ന്നില്ല. ആ കരുത്ത് അതിജീവിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിക്കുമെന്നു നാം എല്ലാവരും കരുതി. എന്നാല്‍, നമ്മുടെ ആ പ്രതീക്ഷകളെയാകെ ഇരുളിലാക്കിക്കൊണ്ടാണ് തീര്‍ത്തും ദുഃഖകരമായ ആ വിയോഗമുണ്ടായത്.
എഴുത്തും വായനയും അദ്ദേഹത്തിന് എന്നും പ്രിയപ്പെട്ടതായിരുന്നു. സാംസ്കാരിക പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം മുന്നോട്ടു കൊണ്ടുപോവുന്ന സവിശേഷമായ ഒരു ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. ആ സാംസ്കാരികാഭിമുഖ്യത്തിന്‍റെ സ്വാഭാവികപരിണതിയാവണം, അന്ത്യയാത്ര വയലാറിന്‍റെ ഗാനത്തിന്‍റെ അന്തരീക്ഷത്തിലാവണമെന്ന അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷം. മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ എന്ന വയലാറിന്‍റെ ഗാനത്തിലെ വരികള്‍ ശരിക്കും പി ടി തോമസിന്‍റെ മനസ്സിലുണ്ടായിരുന്ന ജീവിതത്തോടുള്ള സ്നേഹത്തിന്‍റെ മുഴക്കം കൂടി ഉള്ളതായി.
രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നത് അപകടമാണെന്നു ചിന്തിക്കുകയും ആ ചിന്ത മുന്‍നിര്‍ത്തി സ്വന്തം മരണാനന്തര ചടങ്ങുകളുടെ സ്വഭാവം മതനിരപേക്ഷമാവണമെന്നു ശഠിക്കുകയും ചെയ്തു പി ടി തോമസ്. മതനിരപേക്ഷത കുടുംബത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ പരിപാലിക്കുന്നതില്‍ ശ്രദ്ധവെച്ച നേതാവായിരുന്നു പി ടി തോമസ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് പി ടി തോമസ് അവസാനമായി ഈ സഭയില്‍ വന്നത് എന്നാണു തോന്നുന്നത്. ആ ദിവസവും അദ്ദേഹം തനിക്കു ശരി എന്നു തോന്നിയ ചില കാര്യങ്ങള്‍ പറഞ്ഞു. സഭയില്‍ ആ ശബ്ദം പ്രതിധ്വനിച്ചു. യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍, കേട്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും സാധ്യമാവാത്ത തരത്തിലുള്ളതു തന്നെയായിരുന്നു ആ ശബ്ദം മുഖ്യമന്ത്രി പറഞ്ഞു .
പി.ടി തോമസിന്റെ അവിശ്വസനീയമായ വേര്‍പാടും പി.ടി ഇല്ലാത്ത നിയമസഭയും യു.ഡി.എഫിന് ഉള്‍ക്കൊള്ളാനാകില്ലെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. ഭൂമിയില്‍ ജീവിച്ച് കൊതി തീരാതെയാണ് അദ്ദേഹം നമ്മളില്‍ നിന്നും വേര്‍പെട്ടു പോയത്. ഒരു കാലത്ത് മനുഷ്യന്‍ ചെന്നെത്താന്‍ ബുദ്ധിമുട്ടിയിരുന്ന ഇടുക്കിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും കടന്നു വന്ന് കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇടിമുഴക്കങ്ങളുണ്ടാക്കിയിട്ടാണ് പി.ടി തോമസ് കടന്നു പോയത്. നിലപാടുകളിലെ കാര്‍ക്കശ്യമാണ് പി.ടിയെ വ്യത്യസ്തനാക്കിയിരുന്നത്. കാര്യങ്ങള്‍ പഠിച്ച് മനസിലാക്കി തനിക്കുണ്ടാകുന്ന ബോധ്യങ്ങളിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാനും ആ ബോധ്യങ്ങളില്‍ ഉറച്ചു നില്‍ക്കാനും അദ്ദേഹം എന്നും കരുത്ത് കാട്ടിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
പി.ടി ഒരു പോരാളിയായിരുന്നു. എല്ലാ പോരാട്ടങ്ങളുടെയും മുന്നില്‍ നിന്നു കൊണ്ട് കുന്ത മുനയായി മാറിക്കൊണ്ടിരുന്ന പോരാളിയായിരുന്നു. 2010-ല്‍ ഇതര സംസ്ഥാന ലോട്ടറി മാഫിയയ്‌ക്കെതിരായ പോരാട്ടം നടത്തുമ്പോള്‍ ഡല്‍ഹിയിലെ കരുത്ത് പി.ടി തോമസായിരുന്നു. എന്റെ ജ്യേഷ്ഠ സഹോദരന്‍ കൂടിയാണ് പി.ടി. ഞാന്‍ തേവര എസ്.എച്ച് കോളജില്‍ യൂണിറ്റ് പ്രസിഡന്റായിരുന്നപ്പോള്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. വാത്സല്യത്തോടെ രാഷ്ട്രീയ രംഗത്തേക്ക് അദ്ദേഹം കൈപിടിച്ചുകൊണ്ടു വന്നവരില്‍ ഒരാള്‍ കൂടിയാണ് ഞാനെന്നത് അഭിമനത്തോടെ ഓര്‍ക്കുന്നുവെന്നും വി ഡി പറഞ്ഞു .

