വെഞ്ഞാറമൂട്: തിരുവനന്തപുരം പിരപ്പൻകോട് ലഹരിവിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയതിന് പ്രതികൾ മർദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും ഭീഷണി തീരുന്നില്ല. പ്രതികൾ ഒളിവിലെന്ന് പൊലീസ് പറയുമ്പോഴാണ് പരസ്യമായുള്ള ഭീഷണി. അതേ സമയം അയൽവാസികൾ തമ്മിലെ തർക്കമാണ് കേസിനാധാരമെന്നും ലഹരി സംഘവുമായി ബന്ധമില്ലെന്നുമാണ് പൊലീസ് വിശദീകരണം
ഈ മാസം ഏഴിന് രാത്രിയാണ് അയൽവാസിയും ബന്ധുവുമായ മുരുകൻറെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയതിന് പ്രതികളുടെ മർദ്ദനമേറ്റതെന്നാണ് അമ്മയുടേയും മകളുടേയും പരാതി. ലഹരി ഉപയോഗത്തെക്കുറിച്ച് വിവരം അറിയിക്കാനുള്ള കേരള പൊലീസിൻറെ യോദ്ധാവിലേക്ക് നമ്പറിലേക്ക് വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനാൽ വെഞ്ഞാറമ്മൂട് പൊലീസിൽ പരാതി അറിയിച്ചതിന് പിന്നാലെയായിരുന്നു മർദ്ദനം. പിറ്റേന്ന് പുലർച്ചെ രണ്ടരയ്ക്ക് പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് പരാതി ഗൌരവത്തിലെടുത്തില്ലെന്ന് അമ്മയും മകളും പറയുന്നു.
സ്കൂളിലെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയിൽ നിന്ന് കിട്ടിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് അദ്യം യോദ്ധാവിനും പിന്നീട് പൊലീസിനും പെൺകുട്ടി പരാതി നൽകിയത്. എന്നാൽ ലഹരിസംഘത്തെക്കുറിച്ച് പരാതി നൽകിവരെക്കുറിച്ചുള്ള വിവരം രഹസ്യമായി പൊലീസ് സൂക്ഷിക്കുമെന്ന് പറയുമ്പോൾ എങ്ങനെ വിവരങ്ങൾ ചോർന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ അമ്മ ചോദിക്കുന്നത്.
ഭീഷണി കാരണം ക്രിസ്മസ് അവധിയ്ക്ക് ശേഷം സ്കൂളിൽ പോകാനാകാതെ പഠിപ്പുമുടങ്ങിയ വിദ്യാർത്ഥിനിയ്ക്ക് തിങ്കളാഴ്ച മുതൽ സ്കൂൾ ബസ് സൗകര്യം സൗജന്യമായി നൽകാനാണ് പിടിഎ തീരുമാനം. സംഭവം വാർത്തയായതോടെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. മാഫിയക്കെതിരെ വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു എന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
മന്ത്രിയുടെ നിർദ്ദേശാനുസരണം ഹയർസെക്കൻഡറി വിഭാഗം ജോയിൻറ് ഡയറക്ടർ വിവരങ്ങൾ അന്വേഷിക്കാൻ പരാതിക്കാരുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ പരാതിക്ക് പിന്നിൽ അയൽവാസികളും ബന്ധുക്കളുമായ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്ന് പറഞ്ഞ് കൈകഴുകുകയാണ് പൊലീസ്. മർദ്ദിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും പ്രതികൾ ഒളിവാണെന്നുമാണ് പൊലീസ് വിശദീകരണം.