ജില്ലാ സമ്മേളനങ്ങൾക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടൽ. 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ ഹൈക്കോടതി വിലക്കി.രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചോദ്യമുന്നയിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും 50 പേരെയാണ് അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.നിലവിലെ മാനദണ്ഡം യുക്തിസാഹം ആണോയെന്നും നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് നിയന്ത്രണ ഉത്തരവ് പിന്‍വലിച്ച കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.കാസര്‍കോട് ജില്ലയില്‍ ടിപിആർ 36 ശതമാനമാണ്. അത് ചെറിയ കണക്കില്ല. വളരെ ഗുരുതരമായ സാഹചര്യമാണ്. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. അത് എന്തുകൊണ്ടാണ് സര്‍ക്കാര്‍ കണക്കിലെടുക്കാത്തതെന്ന് കോടതി ചോദിച്ചു.
അതേസമയം, കാസര്‍ഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയതായി സിപിഐഎം അറിയിച്ചു. മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസമാക്കി പുനര്‍നിശ്ചയിച്ചു. സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലോക്ക് ഡൗണിന് സമാനമായ തോതില്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. ഇന്നാണ് കാസര്‍ഗോഡ് ജില്ലാ സമ്മേളനം ആരംഭിച്ചത്.