ഫ്രാൻസ് ടീമിൻറെ സൂപ്പർ താരം കിലിയൻ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച സംസ്ഥാന ബിജെപി ബൗദ്ധിക സെൽ മുൻ കൺവീനർ ടി ജി മോഹൻദാസിനെതിരെ മന്ത്രി വി ശിവൻകുട്ടി. ‘നിറമല്ല മനുഷ്യനെ നിർണയിക്കുന്നത്’ എന്നാണ് എംബാപ്പെയുടെ ചിത്രം പങ്കുവച്ച് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം കിലിയൻ എംബാപ്പെയ്ക്ക് പിറന്നാൾ ആശംസയുമായി വി കെ പ്രശാന്ത് എം എൽ എ രംഗത്തെത്തി. പിറന്നാൾ ആശംസകൾ എംബാപ്പെ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ ചിത്രത്തോടൊപ്പം കുറിച്ചു.
80-ാം മിനുറ്റുവരെ വിരസമായി പോയിക്കൊണ്ടിരുന്ന കളിയെ ലോകകപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവും ആവേശകരമായ ഫൈനലാക്കി മാറ്റിയത് എംബാപ്പെയാണ്. ഇന്ന് 24 വയസ് തികയുകയാണ് അദ്ദേഹത്തിന്. ഈ ചെറിയ പ്രായത്തിനിടെ ഒരു തവണ ലോകകിരീടത്തിൽ മുത്തമിടാനും മറ്റൊരു ലോകകപ്പ് പോരാട്ടത്തിലെ ഫൈനലിൽ അവസാന വിസിൽ വരെ പൊരുതി നിൽക്കാനും എംബാപ്പെയ്ക്ക് സാധിച്ചു.
1998 ഡിസംബർ 20 ന് പാരീസിലാണ് ലോക ഫുട്ബോളിലെ മികച്ച യുവതാരങ്ങളിൽ ഒരാളായ എംബാപ്പെയുടെ ജനനം. 2015 ൽ മൊണാകോയ്ക്ക് വേണ്ടിയാണ് താരം സീനിയർ ക്ലബ്ബ് ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. 2017 ൽ തന്റെ 18-ാമത്തെ വയസ്സിൽ പിഎസ്ജിയിൽ എത്തുമ്പോൾ അന്നത്തെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ താരവും ഏറ്റവും വില കൂടിയ കൗമാരക്കാരനും ആയിരുന്നു എംബാപ്പെ.
2018 ലെ ലോകകപ്പിൽ ഫ്രാൻസ് ജേതാക്കളായപ്പോൾ ടൂർണമെന്റിലെ ഗോൾ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത് പത്തൊൻപതുകാരനായ എംബാപ്പെ ആയിരുന്നു. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രെഞ്ച് താരവും പെലെയ്ക്ക് ശേഷം ഗോൾ നേടുന്ന കൗമാരക്കാരനും എംബാപ്പെയാണ്.