ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. കൂടുതൽ പരാതികൾ വന്ന സാഹചര്യത്തിലാണ് ആലോചന. ഇന്നലെ കന്റോൺമെന്റ് സ്റ്റേഷനിൽ മാത്രം 3 കേസുകൾ രജിസ്റ്റർ ചെയ്തു. പരാതിക്കാരിൽ ഒരാൾക്ക് 10 ലക്ഷം രൂപ നഷ്ടമായി. മറ്റു രണ്ടു പേർക്ക് ഏഴു ലക്ഷം രൂപ വീതവും നഷ്ടമായി. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
കേസിലെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായർ (41) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, തട്ടിപ്പ് കേസിൽ പ്രതിയായ ടൈറ്റാനിയം ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പിയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
വേളിയിലെ ടൈറ്റാനിയം പ്ലാന്റിൽ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നും ദിവ്യ നായരും സംഘവും കോടികൾ തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭർത്താവ് രാജേഷ്, ടൈറ്റാനിയം ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പി, ഇയാളുടെ സുഹൃത്തുക്കളായ പ്രേംകുമാർ, ശ്യാംലാൽ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. ഇവരെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കെതിരേ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് പരാതികളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.