ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്‌സിൻ സ്വീകരിച്ചു. വാക്‌സിനെടുക്കുന്ന ആദ്യ ഇസ്രായേലുകാരനാണ് നെതന്യാഹു. ജനങ്ങൾക്ക് മാതൃക നൽകുന്നതിനാണ് രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ താൻ തയ്യാറായതെന്ന് അദ്ദേഹം അറിയിച്ചു. നെതന്യാഹുവിനൊപ്പം ഇസ്രയേലിന്റെ ആരോഗ്യ മന്ത്രി യുലി എഡിൽസ്റ്റീനും ടെൽ അവീവിലെ ശെബ മെഡിക്കൽ സെന്ററിൽ നിന്ന് കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തി.കഴിഞ്ഞ ആഴ്ച മുതലാണ് ഇസ്രായേലിൽ വാക്സിൻ എത്തിത്തുടങ്ങിയത്. ഒമ്പത് ദശലക്ഷം ജനസംഖ്യയുള്ള ഇസ്രായേലിൽ മൂന്നര ലക്ഷത്തിലേറെ പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,070 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേലിലെ ആരോഗ്യപ്രവർത്തകർക്കും നഴ്‌സിംഗ് ഹോം ജീവനക്കാർക്കും വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇസ്രായേൽ പ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയും വാക്‌സിൻ സ്വീകരിച്ചത്. “എനിക്കീ വാക്‌സിനിൽ വിശ്വാസമുണ്ട്” ഫൈസർ-ബയോൺടെക്കിന്റെ വാക്‌സിൻ സ്വീകരിച്ച ശേഷം നെതന്യാഹു പറഞ്ഞു.