സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്‌നാടിനു മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടായേക്കും. ഇന്ന് ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തിയ സാഹചര്യത്തില്‍ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. മഴ തുടരുന്നതിനാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. നിലവില്‍ 2399.82 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് നടപടി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
22: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.
23: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.
ചെന്നൈയ്ക്കും പുതുച്ചേരിക്കുമിടയില്‍ കരയില്‍ പ്രവേശിച്ച തീവ്ര ന്യൂനമര്‍ദം നിലവില്‍ വടക്കന്‍ തമിഴ്‌നാടിനു മുകളില്‍ വെല്ലൂരില്‍നിന്ന് 60 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. തുടര്‍ന്നും പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ശക്തികൂടിയ ന്യൂനമര്‍ദമായി ദുര്‍ബലപ്പെടാന്‍ സാധ്യത.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ല.
ഇന്നും നാളെയും മധ്യ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.