സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് ഒരുക്കിയ നാടകമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വപ്ന സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്ദരേഖ യഥാർത്ഥമാണോ? ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ എവിടേക്കെങ്കിലും കൊണ്ടുപോയപ്പോഴാണോ ശബ്ദരേഖ എടുത്തത്.
എങ്കിൽ ഗുരുതര സുരക്ഷാവീഴ്ചയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.മുഖ്യമന്ത്രിക്ക് നേരെയാണ് ചോദ്യങ്ങൾ ഉയരുന്നത്. കേരള പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ടി ഒരുക്കിയ രാഷട്രീയ നാടകമാണിത്. അന്വേഷണ ഏജൻസികളെ അസ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമം. ശബ്ദരേഖ പുറത്തു വന്നപ്പോൾ തന്നെ യെച്ചൂരി പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ പാതയിൽ യെച്ചൂരി പോകുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്തെ സെക്രട്ടേറിയേറ്റ് മദ്യാലയമായി മാറി. എല്ലാ അനഭിലഷണീയ പ്രവണതകളുടേയും പ്രഭവകേന്ദ്രമാണ് സെക്രട്ടേറിയേറ്റെന്നും മുല്ലപ്പള്ളി വിമർശിച്ചു.ശബ്ദരേഖയെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. കണ്ണൂരിൽ 15 ഇടത്ത് കോൺഗ്രസിന് സ്ഥാനാർത്ഥികളെ നിർത്താൻ പത്രിക നൽകാൻ കഴിഞ്ഞില്ല. വെൽഫെയർ പാർട്ടിയുമായി സഖ്യമില്ല. യുഡിഎഫിലെ ഘടകകക്ഷികളുമായി മാത്രമാണ് സഖ്യം. അതാണ് താരീഖ് അൻവറും പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.