കണ്ണൂര്‍: പ്രതിഷേധ സാധ്യത കണക്കിലെടുത്തു മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്. മുഖ്യമന്ത്രിക്കൊപ്പം പിണറായില്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ നിന്നാണ് കളക്ടര്‍ വിട്ടുനില്‍ക്കുന്നത്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്നലെ കളക്ടറേറ്റിലേക്ക് യുവജന സംഘടനകളുടെ മാര്‍ച്ചും ഉണ്ടായി. കളക്ടര്‍ ഇന്ന് പരിപാടിയില്‍ പങ്കെടുക്കുന്നതോടെ പ്രതിഷേധം ഉണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയില്‍ നിന്ന് കളക്ടര്‍ പിന്മാറിയത്.
അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പിപി ദിവ്യയുടെ ആരോപണങ്ങള്‍ തള്ളി കണ്ണൂര്‍ സ്വദേശി ഗംഗാധരന് രംഗത്തെത്തി. തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ നിന്ന് നല്കിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരെയാണ് പരാതി പറഞ്ഞത്. എഡിഎം കൈക്കൂലി വാങ്ങിയതായി താന്‍ പരാതിയില്‍ പറഞ്ഞിട്ടില്ല. എഡിഎം മുതല്‍ താഴേക്ക് റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് താന്‍ വിജിലന്‍സിന് പരാതി നല്‍കിയത്.