160 പ്രസാധകർ , 256 സ്റ്റാളുകൾ, പുസ്തക പ്രകാശനങ്ങൾ, പുസ്തക ചർച്ചകൾ, സാംസ്കാരിക പരിപാടികൾ .നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പ് പ്രൗഡ ഗംഭീരമാക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് തലസ്ഥാന നഗരി.നിയമസഭാ സമുച്ചയത്തിന് ചുറ്റും സ്റ്റാളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നറുക്കെടുപ്പിലൂെടയാണ് ഓരോരുത്തർക്കും സ്റ്റാളുകൾക്കുള്ള ഇടം അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ പ്രസാധകർക്കും പുസ്തകോത്സവത്തിൽ ഒരു പോലെ പ്രാധാന്യം ലഭിക്കും. ഒക്ടോബർ 25ന് രാവിലെയാണ് നറുക്കെടുപ്പ്. നാലു വേദികളിലായി പുസ്തക പ്രകാശനങ്ങൾ, പുസ്തക ചർച്ചകൾ, സാംസ്കാരിക പരിപാടികൾ .തുടങ്ങിയവയും നടക്കും.ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചും ഓഡിറ്റോറിയവുമാണ് പ്രധാന വേദികൾ. മൂന്നും നാലും വേദികളിൽ പുസ്തക പ്രസാധകരുടെ പരിപാടികളാണ് നടക്കുക. കൂടാതെ പുസ്തകങ്ങൾ എഴുത്തുകാരിൽ നിന്ന് അവരുടെ കൈയ്യൊപ്പോടെ വാങ്ങാനുള്ള പ്രത്യേക സൗകര്യവും ഉണ്ടാകും. രാവിലെ 10 മുതൽ രാത്രി എട്ട് വരെ എല്ലാ വേദികളിലും പരിപാടികൾ നടക്കും. നവംബർ ഒന്നു മുതൽ ഏഴ് വരെ നിയമസഭയ്ക്കുള്ളിൽ എല്ലാവർക്കും സൗജന്യ പ്രവേശനവും അനുവദിക്കും.നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഒന്നാം പതിപ്പിന് സമാനമായി സ്കൂളുകള്‍ക്കും അംഗീകൃത വായനശാലകള്‍ക്കുമായി നിയമസഭാഅംഗങ്ങള്ക്ക് പുസ്കങ്ങള് വാങ്ങി നല്കാൻ അനുമതിയുണ്ട്. നിയമസഭാ അംഗങ്ങളുടെ 2023-24 വര്‍ഷത്തെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും പരമാവധി മൂന്ന് ലക്ഷം രൂപ വരെ ചെലവഴിച്ച് പുസ്കങ്ങള് വാങ്ങാം. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈബ്രറികള്‍ക്കും സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ലൈബ്രറികള്‍ക്കും ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ളവര്ക്കുമാണ് പുസ്തകങ്ങള്‍ ലഭ്യമാകുക.