ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ശശി തരൂർ എംപി സന്ദർശിച്ചു. എഐസിസി തെരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് തരൂർ സോണിയയെ നേരിൽ കണ്ടെത്ത്. കൂടിക്കാഴ്ചയ്ക്കായി സോണിയ തരൂരിനെ വസതിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് വിവരം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ച വച്ച തരൂരിനെ സോണിയ അനുമോദിച്ചു. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണഘട്ടത്തിൽ നേതൃത്വത്തിൽ പലർക്ക് നേരെയും തരൂർ വിമർശനം ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് നടപടികളിൽ പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിമർശനം ഇനി മയപ്പെടുത്താനാണ് തരൂർ ക്യാംപിൻ്റെ തീരുമാനം. താൻ മത്സരിക്കാൻ രംഗത്തിറങ്ങിയതോടെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പും പാർട്ടിയും വലിയ രീതിയിൽ ചർച്ചയായെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിച്ച് മത്സരിക്കാനും പത്തിലൊരാളുടെ പിന്തുണ നേടാനും സാധിച്ചെന്ന് തരൂർ അവകാശപ്പെടുന്നു.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഖർഗെയുടെ നേതൃത്വത്തിൽ പാർട്ടിയിൽ ഉണ്ടാവുന്ന മാറ്റങ്ങളിൽ തന്നെ കൂടി പരിഗണിക്കണം എന്നാണ് തരൂരിൻ്റെ നിലപാട്. വർക്കിംഗ് പ്രസിഡൻ്റ് പദവിയോ വൈസ് പ്രസിഡൻ്റ് പദവിയോ തരൂർ പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം രാഹുലിനേയും സോണിയയേയും തരൂർ അറിയിച്ചേക്കും. അവഗണിച്ചു കൊണ്ട് മുന്നോട്ട് പോകാനാണ് നേതൃത്വം ശ്രമിക്കുന്നതിൽ അതിനെ ശക്തമായി പ്രതിരോധിക്കാനും തരൂർ ശ്രമിക്കും. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പുറത്ത് നിന്നും തരൂരിന് കിട്ടിയ ജനപിന്തുണ കൂടി കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തെ കൂടെ ഒപ്പം നിർത്തി മുന്നോട്ട് പോകാനാവും ഖർഗെ ആഗ്രഹിക്കുക. അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കിൽ അങ്ങനെ തന്നെ സംഭവിക്കാനാണ് സാധ്യത.
ഒരു പദവിയിൽ ഒരാൾക്ക് പരമാവധി അഞ്ച് വർഷം,അൻപത് ശതമാനം പദവികൾ അൻപത് വയസിൽ താഴെയുള്ളവർക്ക്, നയിക്കാൻ യുവാക്കളും അനുഭവ സമ്പത്തുള്ള മുതിർന്നവരും…. തുടങ്ങി ഉദയ്പൂർ ചിന്തൻ ശിബിരത്തിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കുക എന്നതാണ് ഖർഗെക്ക് മുന്നിലുള്ള പ്രധാന ഉത്തരവാദിത്തം.
മാറ്റങ്ങൾ എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഉടൻ തന്നെ ഖർഗെ സമിതിക്ക് രൂപം നൽകും. അധ്യക്ഷനെ സഹായിക്കാൻ ഒന്നിലധികം വർക്കിംഗ് പ്രസിഡൻറുമാരെയും, വൈസ് പ്രസിഡൻറുമാരെയും നിയമിച്ചേക്കും.അങ്ങനെയെങ്കിൽ മുകുൾ വാസ്നിക്, ദീപേന്ദർ ഹൂഡ, ഗൗരവ് വല്ലഭ് തുടങ്ങിയ നേതാക്കൾ പരിഗണനയിലുണ്ട്. മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിനും പദവി നൽകിയേക്കും. തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനൊപ്പം നിന്ന ആനന്ദ് ശർമ്മ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളും പരിഗണന പ്രതീക്ഷിക്കുന്നുണ്ട്.ഖർഗെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിലുണ്ടായിരുന്ന രമേശ് ചെന്നിത്തലയും പുനസംഘടനയിൽ ദേശീയ തലത്തിലേക്ക് എത്തിയേക്കും.