മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ്. ശിവശങ്കർ ആശുപത്രിയിൽ ആകുന്നതിന് മുൻപ് മുൻകൂർ ജാമ്യ ഹർജിയിൽ ഒപ്പിട്ട് നൽകിയിരുന്നു. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. വേദന സംഹാരി നൽകിയാണ് ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്തതെന്നും കസ്റ്റംസ് പറയുന്നു.
ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്തി നൽകിയ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ഇന്ന് രാവിലെയാണ് കസ്റ്റംസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. കസ്റ്റംസ് കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കസ്റ്റംസ് പറയുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ സാധിക്കില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.