തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ രാജ്യവ്യാപകമായി നടത്തുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ (എസ്.ഐ.ആർ) എതിർപ്പറിയിച്ച് ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ തിരുവനന്തപുരത്ത് വിളിച്ച അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായുള്ള സംസ്ഥാനതല യോഗത്തിലാണ് എസ്.ഐ.ആറിനെ എതിർത്ത് സി.പി.എം, കോൺഗ്രസ്, സി.പി.ഐ, ആർ.എസ്.പി, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയത്.
2002ലെ പട്ടികക്ക് പകരം 2024ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കണം, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടപടികളിലേക്ക് കടക്കാവു, ആധികാരിക രേഖയിൽ റേഷൻ കാർഡ് ഉൾപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളും പ്രതിനിധികൾ മുന്നോട്ടുവെച്ചു. സംസ്ഥാനത്ത് ബിഹാർ മാതൃക നടപ്പാക്കാനാകില്ലെന്ന് സി.പി.എം പ്രതിനിധി എം.വി. ജയരാജൻ പറഞ്ഞു.
ജീവിച്ചിരിക്കുന്നവർ പോലും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകണമെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. കുടിയേറ്റക്കാരെയും വിദേശികളെയും ഓഴിവാക്കരുത്. 2024ലെ വോട്ടർപട്ടിക അടിസ്ഥാന രേഖയാക്കണം. സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ എസ്.ഐ.ആർ സാധ്യമാണോയെന്നും പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്.ഐ.ആർ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നും കൂടുതൽ സമയമെടുത്ത് ആശങ്കകൾ പരിപരിഹരിക്കണമെന്നും കോൺഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. നിലവിൽ വോട്ട് ചെയ്യുന്ന വോട്ടർമാർ വീണ്ടും ഇത്തരം നടപടികളിലൂടെ പോകണമെന്നത് അനീതിയാണ്. രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിലെടുത്ത് മാത്രം തുടർ നടപടി നടപ്പാക്കണമെന്നും പ്രവാസികളുടെ വോട്ടവകാശം നിഷേധിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന വോട്ടർ പട്ടിക 2024ലേത് ഉപയോഗിക്കണമെന്നും എസ്.ഐ.ആർ അല്ല എന്യൂമറേഷനാണ് വേണ്ടതെന്നും സി.പി.ഐ പ്രതിനിധി കെ. രാജു അഭിപ്രായപ്പെട്ടു. കേരളവും പാർട്ടികളും എസ്.ഐ.ആർ നടപ്പാക്കാൻ സജ്ജമല്ലെന്ന് മുസ്ലിം ലീഗ് പ്രതിനിധി സി.പി. ചെറിയ മുഹമ്മദും കുറ്റമറ്റതാക്കണമെന്ന് ആർ.എസ്.പി പ്രതിനിധി പി.ജി. പ്രസന്നകുമാറും പറഞ്ഞു.
എസ്.ഐ.ആറിനെ സ്വാഗതം ചെയ്ത ബി.ജെ.പി പ്രതിനിധി ബി. ഗോപാലകൃഷ്ണൻ പൗരത്വം ആണ് പരിഗണിക്കേണ്ടതെന്നും മുമ്പ് വോട്ട് ചെയ്തിട്ടുണ്ടോ ഇല്ലയൊ എന്നത് മാനദണ്ഡമാക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. കുടിയേറ്റക്കാർ എന്ന പദത്തിൽ വ്യക്തതവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം. ലിജു (കോൺഗ്രസ്), എം.കെ. റഹ്മാൻ (കോൺഗ്രസ്), ജോയ് എബ്രഹാം (കേരള കോൺഗ്രസ്), കെ. ജയകുമാർ (ആർ.എസ്.പി), കെ. ആനന്ദകുമാർ (കേരള കോൺഗ്രസ് -എം) തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനതലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് അഭിപ്രായമാരായും മുമ്പേ ഒമ്പത് ജില്ലകളിൽ കലക്ടർമാർ യോഗം നടത്തിയതിലും വിമർശനമുയർന്നു. ബീഹാറിൽ നടപ്പാക്കിയ എസ്.ഐ.ആർ ഉത്തരവിന്റെ ചുവടുപിടിച്ചാണ് രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്. അനർഹരെ ഒഴിവാക്കിയുള്ള വോട്ടർപട്ടികയാണ് എസ്.ഐ.ആർ കൊണ്ട് ഉദ്ദേശിക്കുന്നത്. ബീഹാറിൽ അർഹരായ ലക്ഷക്കണക്കിന് വോട്ടർപട്ടികയിൽനിന്ന് പുറത്തായതാണ് വിവാദമായത്. എസ്.ഐ.ആറിനെതിരെ 29ന് നിയമസഭയിൽ സർക്കാർ പ്രമേയം കൊണ്ടുവരും.

