ഏഴ് മാസത്തെ മൗനം വെടിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പക്ഷെ ദുരന്തം വന്നാല്‍ മാത്രമെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തൂവെന്ന അവസ്ഥയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തം വരാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുകയാണ്. നിപ വന്നതുകൊണ്ടാണ് ഇന്നലെ ആറ് മണിക്ക് പത്രസമ്മേളനം നടത്തിയത്. മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ദുരന്തം വരാന്‍ കാത്തിരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. സോളാര്‍ ഗൂഡാലോചന അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞിട്ടില്ല എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.ഉമ്മന്‍ ചാണ്ടിയെ കള്ളക്കേസില്‍പ്പെടുത്താന്‍ കുറ്റകരമായ ഗൂഡാലോചന നടത്തിയതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. അധികാരത്തില്‍ വന്ന് മൂന്നാമത്തെ ദിവസമാണ് പരാതിക്കാരിയെ വിളിച്ചു വരുത്തി ഗൂഡാലോചന ആരംഭിച്ചത്. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഡാലോചനയിലെ ഒന്നാം പ്രതിയുടെ കയ്യില്‍ പരാതി നല്‍കാന്‍ വിഡ്ഢികളല്ല ഞങ്ങള്‍. നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഏഴ് മാസത്തിന് ശേഷം മുഖ്യമന്ത്രി മൗനം വെടിഞ്ഞതിനെ സ്വാഗതം ചെയ്യുന്നു; പ്രതിപക്ഷ നേതാവ്

