കോഴിക്കോട്: കോര്പ്പറേഷന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമര പരിപാടിയില്‍ നിന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ച ചാണ്ടി ഉമ്മന്‍ പരിപാടിക്ക് എത്തിയില്ല. പിന്നില്‍ ഗ്രൂപ്പ് താല്പര്യമെന്നാണ് ആരോപണം. ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. ചാണ്ടി ഉമ്മനെ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാല്‍ എത്താമെന്ന് താന്‍ ഏറ്റിരുന്നില്ലെന്നാണ് ചാണ്ടി ഉമ്മന്റെ മറുപടി.
പരിപാടിയില്‍ പങ്കെടുക്കാന്‍ ചാണ്ടി ഉമ്മനോട് ആവശ്യപ്പെട്ടത് ഡിസിസി നേതൃത്വമാണ്. ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടു നിന്നതിനെതിരെ പരാതി അറിയിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സൗത്ത് നിയോജക മണ്ഡലം കമ്മറ്റി നേതാക്കള്‍ കോഴിക്കോട് ഡിസിസി ഓഫീസില്‍ എത്തി. എം കെ രാഘവനെ അനുകൂലിക്കുന്ന എ ഗ്രൂപ്പ് നേതാക്കളാണ് ഡിസിസി ഓഫീസില്‍ എത്തിയത്. കോഴിക്കോട് ഉണ്ടായിട്ടും എന്തുകൊണ്ട് പരിപാടിയില്‍ പങ്കെടുത്തില്ലെന്ന കാര്യത്തില്‍ ചാണ്ടി ഉമ്മനോട് വിശദീകരണം ആരായും. ടി സിദ്ദിഖ് അനുകൂലികളാണ് ചാണ്ടി ഉമ്മനെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നാണ് ആരോപണം.

