മലപ്പുറം: ജില്ലാ പൊലീസ് മേധാവി ശശിധരന്‍ ഐ.പി.എസിനെ രൂക്ഷമായി വിമര്‍ശിച്ച് പി.വി അന്‍വര്‍ എം.എല്‍.എ. പരിപാടിയില്‍ എത്താന്‍ വൈകിയതിലായിരുന്നു വിമര്‍ശനം. തന്റെ പാര്‍ക്കിലെ 2,000ത്തിലധികം ഭാരമുള്ള റോപ് മോഷണം പോയതില്‍ പ്രതിയെ പിടികൂടാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാന്‍ പൊലീസില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എം.എല്‍.എ ആരോപിച്ചു.
മലപ്പുറത്ത് നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിലായിരുന്നു എസ്.പിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പി.വി അന്‍വറിന്റെ രൂക്ഷവിമര്‍ശനം. മലപ്പുറത്ത് പൊലീസില്‍ ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഞ്ചാവ് കച്ചവടക്കാരുമായി ചേര്‍ന്നു ചില പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായും അന്‍വര്‍ വെളിപ്പെടുത്തി. ചില പുഴുക്കുത്തുക്കള്‍ ഈ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പലഘട്ടത്തിലും പ്രതിസന്ധിയിലാക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാന്‍ ചിലയാളുകള്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഫലം കാണുന്നുമുണ്ട്. ദുരുദ്ദേശ്യപൂര്‍വം താനെന്തോ വലിയയാളെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്.
എസ്.പി കുറേ സിം കാര്‍ഡ് പിടിച്ചത് ഞാന്‍ കണ്ടു. ഞങ്ങളുടെ 10 ലക്ഷത്തിന്റെ മുതലിന് യാതൊരു വിവരവുമില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എന്റെ വീട്ടില്‍ നടന്ന സംഭവത്തില്‍ എന്നെ വിളിച്ചുസംസാരിക്കാനുള്ള ഉത്തരവാദിത്തം എസ്.പിക്കില്ലേയെന്നും അന്‍വര്‍ ജില്ലാ പൊലീസ് മേധാവിയെ വേദിയിലിരുത്തി ചോദിച്ചു.
എസ്.പി ബോധപൂര്‍വം പരിപാടിയില്‍ വൈകിയെത്തിയെന്നും പി.വി അന്‍വര്‍ ആരോപിച്ചു. രാവിലെ പത്തു മണിക്കു പറഞ്ഞ സമ്മേളനത്തിന് 9.50ന് മലപ്പുറത്ത് എത്തിയിട്ടുണ്ട്. എന്നാല്‍, കുറച്ചുകൂടി കാത്തിരിക്കാനാണ് എന്നോട് വിളിച്ചുപറഞ്ഞത്. 27 മിനിറ്റ് ഞാന്‍ കാത്തിരുന്നു. എസ്.പി തിരക്ക് പിടിച്ച ഓഫിസറാണ്. അതിന്റെ ഭാഗമായാണു വൈകിയതെങ്കില്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍, അവനവിടെ ഇരിക്കട്ടെ എന്ന ഭാവത്തിലാണെങ്കില്‍ അദ്ദേഹം തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും അന്‍വര്‍ എം.എല്‍.എ വിമര്‍ശിച്ചു.